ലോക്സഭാ തിരഞ്ഞെടുപ്പ്: എതിരാളികള്‍ വമ്പന്‍മാര്‍; മികച്ചവരെ കണ്ടെത്താന്‍ സിപിഐ

ലോക്സഭാ തിരഞ്ഞെടുപ്പ്: എതിരാളികള്‍ വമ്പന്‍മാര്‍; മികച്ചവരെ കണ്ടെത്താന്‍ സിപിഐ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ സിപിഐ. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന സീറ്റുകളില്‍ കഴിഞ്ഞ തവണത്തേതു പോലെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള വമ്പന്മാരെ ഇത്തവണയും നേരിടേണ്ടി വരുന്ന സിപിഐയ്ക്ക് പാര്‍ലമെന്റിലേക്ക് സ്വന്തം പാര്‍ട്ടിയിലെ പ്രതിനിധിയെ അയയ്ക്കാന്‍ ഏറെ പരിശ്രമിക്കേണ്ടി വരും.

വയനാട്ടില്‍ രാഹുലും തിരുവനന്തപുരത്ത് ശശിതരൂരും കൊടിക്കുന്നിലും ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകും. തൃശൂരില്‍ സുരേഷ് ഗോപിയും വരുന്നതോടെ സിപിഐ നന്നായി വിയര്‍ക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഇവരെ നേരിടാന്‍ മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക എന്നതാണ് സിപിഐ നേരിടുന്ന പ്രതിസന്ധി. എല്‍ഡിഎഫിന് സമ്പൂര്‍ണമായ തിരിച്ചടി നേരിട്ട 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയം നേടാന്‍ സിപിഐയ്ക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ ആ പ്രശ്നം മറികടക്കാന്‍ ദേശീയ നേതാക്കളെ അടക്കം ഇറക്കി ഈ പ്രശ്നം പരിഹരിക്കാനുള്ള ആലോചനകള്‍ സംസ്ഥാന കമ്മറ്റിയില്‍ തുടങ്ങിക്കഴിഞ്ഞു.

തിരുവനന്തപരം, വയനാട്, തൃശൂര്‍, മാവേലിക്കര സീറ്റുകളിലാണ് സാധാരണ സിപിഐ മത്സരിക്കുന്നത്. ഇതില്‍ വയനാട്ടില്‍ ഇത്തവണയൂം രാഹുല്‍ ഗാന്ധിയെ നേരിടേണ്ടി വന്നേക്കും. കഴിഞ്ഞ തവണ പി.പി സുനീര്‍ മത്സരിച്ചപ്പോള്‍ നാല് ലക്ഷം വോട്ടുകളുടെ മാര്‍ജിനിലായിരുന്നു രാഹുലിന്റെ വിജയം. തിരുവനന്തപുരത്ത് ശശി തരൂരാണ് എതിരാളി. മൂന്നാം ഊഴം തേടുന്ന ശശി തരൂര്‍ കഴിഞ്ഞ തവണ ദിവാകരനെതിരേ മികച്ച വിജയം നേടിയിരുന്നു.

തിരുവനന്തപുരത്ത് സിപിഐ സ്ഥാനാര്‍ത്ഥിയ്ക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ കഴിഞ്ഞിരുന്നില്ല. കുമ്മനം രാജശേഖരനായിരുന്നു വോട്ടുഷെയറില്‍ ശശി തരൂരിന് പിന്നില്‍ രണ്ടാമത് എത്തിയത്. തുടര്‍ച്ചയായി ഏഴുവട്ടം ജയിച്ചു എട്ടാം തവണ മത്സരിക്കുന്ന കൊടിക്കുന്നില്‍ സുരേഷിനെ ഇത്തവണയും മാവേലിക്കരയില്‍ നേരിടാന്‍ ചിറ്റയം ഗോപകുമാറിന്റെ പേരിനാണ് മൂന്‍തൂക്കം.

തൃശൂര്‍ മണ്ഡലത്തില്‍ പദ യാത്രയും മറ്റു പരിപാടികളുമായി സുരേഷ്ഗോപി തന്നെയായിരിക്കും ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ തൃശൂരില്‍ ചിരപരിചിതനായ നേതാവിനെ സിപിഐയ്ക്കും ഇറക്കേണ്ടി വരും. സിറ്റിങ് എംപി എന്ന നിലയില്‍ ടി.എന്‍ പ്രതാപന്‍ കൂടി വരുന്നതോടെ തൃശൂര്‍ പ്രവചനാതീതമാകും. വി.എസ് സുനില്‍കുമാറിന് തന്നെയാണ് കൂടുതല്‍ സാധ്യത. കരുത്തരായ സ്ഥാനാര്‍ത്ഥികളെ കിട്ടുന്നില്ലെങ്കില്‍ പൊതു സമ്മതനെ പിന്തുണച്ച് നിര്‍ത്താനും ആലോചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.