സമാധാനത്തിന്റെ വെള്ളി വെളിച്ചം ഏറെ അകലെയാണ്.
റിയാദ്: ഇറാന്‍ ഹമാസിനെ അനുകൂലിക്കുന്നു. യുഎഇ എതിര്‍ക്കുന്നു. ഖത്തര്‍ ഹമാസിനൊപ്പമെന്ന മുന്‍ നിലപാടില്‍ നിന്ന് അല്‍പം അയഞ്ഞ് സമാധാന ശ്രമങ്ങള്‍ നടത്തുന്നു. സൗദി ഒഐസി യോഗം വിളിക്കുന്നു... ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വ്യത്യസ്തമായ നീക്കങ്ങളാണ് അറബ് രാജ്യങ്ങളില്‍ നടക്കുന്നത്.
ഇസ്രായേലില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയ ഹമാസിനെ അഭിനന്ദിച്ചും അനുകൂലിച്ചും രംഗത്തു വന്ന ആദ്യ രാജ്യം ഇറാനായിരുന്നു. ഇറാന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഹമാസ് നേതൃത്വവും അറിയിച്ചു.
ഹമാസ് ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഇറാനാണെന്ന് തൊട്ടു പിന്നാലെ വിദേശ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് ഇറാനെ പ്രതിക്കൂട്ടിലാക്കി. വാര്‍ത്ത നിക്ഷേധിച്ച ഇറാന്‍ പക്ഷേ, ഹമാസ് തീവ്രവാദികള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുകയാണ്.
അതിനിടെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍ (ഒഐസി) അടിയന്തരമായി യോഗം ചേരണമെന്ന ആവശ്യവുമായി ഇറാന്‍ രംഗത്തെത്തി. പിന്നാലെ ഇറാക്കും ഈ ആവശ്യമുന്നയിച്ചു.
ഇതോടെ സൗദി അറേബ്യ ഒഐസി മന്ത്രിമാരുടെ യോഗം വിളിക്കുകയും ഹമാസിന്റെ ആക്രമണത്തെ അപലപിച്ച മുന്‍ നിലപാട് മയപ്പെടുത്തി തങ്ങള്‍ പലസ്തീനൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ യുഎഇ മാത്രമാണ് ചാഞ്ചാട്ടമില്ലാതെ ഹമാസിന്റെ കടന്നുകയറ്റത്തെ എതിര്‍ത്ത മുന്‍ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്. മാത്രമല്ല, ഇസ്രായേലിനെതിരെ ആക്രമണം നടത്തരുതെന്ന് സിറിയയെ യുഎഇ താക്കീത് ചെയ്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
ഹമാസുമായും ഇസ്രയേലുമായും ബന്ധമുള്ള രാജ്യമായ ഖത്തര്‍ സ്വന്തം നിലയില്‍ സമാധാന ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇസ്രയേലിന്റെയും ഹമാസിന്റെയും കസ്റ്റഡിയിലുള്ള തടവുകാരെ പരസ്പരം മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഖത്തര്‍ നടത്തുന്നത്. ആദ്യം സ്ത്രീ തടവുകാരെ വിട്ടയക്കാനുള്ള സമവായ ശ്രമമാണ് നടത്തുന്നത്. എന്നാല്‍ ഇത് ഫലപ്രാപ്തിയിലെത്തുമോ എന്ന് കണ്ടറിയണം.
അതേസമയം പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് റഷ്യയുടെ സഹായം തേടി. ചൈന ഒഴികെയുള്ള പ്രമുഖ രാജ്യങ്ങളെല്ലാം ഇസ്രായേലിനൊപ്പം നിന്നതോടെയാണ് പാലസ്തീന്‍ റഷ്യയുടെ സഹായം തേടിയത്.
ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പാലസ്തീന് അനുകൂലമായി നിലപാട് സ്വീകരിക്കുന്ന രാജ്യം കൂടിയാണ് റഷ്യ. അതുകൊണ്ടുതന്നെ റഷ്യയെ കൂടി വിഷയത്തില്‍ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് പാലസ്തീന്‍.
ഈ നീക്കത്തിന് പിന്നിലും ഇറാന്റെ ബുദ്ധിയുണ്ട്. അറബ് രാജ്യങ്ങള്‍ക്കൊപ്പം ചൈനയും റഷ്യയും കൂടി വന്നാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ഇസ്രയേല്‍ അനുകൂല നീക്കത്തിന് കടിഞ്ഞാണ്‍ ഇടാമെന്നാണ് ഇറാന്റെ കണക്കു കൂട്ടല്‍. ഹമാസിനെതിരെ പോരാടുന്ന ഇസ്രയേലിന് പടക്കപ്പലുകളും മറ്റ് യുദ്ധോപകരണങ്ങളും നല്‍കിയ അമേരിക്കയെ റഷ്യ നിശിതമായി വിമര്‍ശിച്ചതും ഈ തിരക്കഥയുടെ ഭാഗമാണ്.
അതിനിടെ ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ ഒരു ലക്ഷത്തോളം സൈനികരെ വിന്യസിച്ചു. ഇനിയും കൂടുതല്‍ പേരെ ഇറക്കുമെന്നാണ് വിവരം. വ്യോമാക്രമണത്തിന് പുറമേ കരയുദ്ധം കൂടി ആരംഭിച്ചാല്‍ പശ്ചിമേഷ്യ ചോരക്കളമാകുമെന്നുറപ്പാണ്. ചുരുക്കത്തില്‍ സമാധാനത്തിന്റെ വെള്ളി വെളിച്ചം ഏറെ അകലെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.