ബാഗില്‍ ബോംബില്ലെന്ന് വിമാനത്താവളത്തില്‍ തര്‍ക്കുത്തരം പറഞ്ഞു; സൗദിയില്‍ തമിഴ്‌നാട് സ്വദേശിക്ക് ജയില്‍വാസവും നാടുകടത്തലും ശിക്ഷ

ബാഗില്‍ ബോംബില്ലെന്ന് വിമാനത്താവളത്തില്‍ തര്‍ക്കുത്തരം പറഞ്ഞു; സൗദിയില്‍ തമിഴ്‌നാട് സ്വദേശിക്ക് ജയില്‍വാസവും നാടുകടത്തലും ശിക്ഷ

ദമാം: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥയോട് തര്‍ക്കുത്തരം പറഞ്ഞതായി ആരോപിച്ച് സൗദി അറേബ്യയില്‍ ഇന്ത്യക്കാരന് തടവുശിക്ഷ. ഒരു മാസത്തേക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും എന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഇയാളുടെ ഭാര്യയുടെ സഹായാഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. സഹായത്തിനായി ഇയാളുടെ ഭാര്യ നിരവധി അധികാരികളെ സമീപിച്ചെങ്കിലും കോടതിവിധി ഉള്ളതിനാല്‍ കൂടുതലൊന്നും ചെയ്യാനാകില്ല എന്നാണ് മറുപടി ലഭിച്ചത്.

ദുബായിലേക്ക് പോകാനായി ദമാം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം. വര്‍ഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയില്‍ ഉന്നത സ്ഥാനത്ത് ജോലി ചെയ്തു വരികയായിരുന്ന തമിഴ്‌നാട് സ്വദേശിക്കാണ് ഇത്തരം ഒരു അനുഭവം ഉണ്ടായത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥ ബാഗില്‍ എന്താണ് എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ 'അതില്‍ ബോംബൊന്നുമില്ല' എന്ന് തര്‍ക്കുത്തരം പറഞ്ഞു എന്നാണ് കേസ്. അപമര്യാദയോടെയുള്ള ഈ പെരുമാറ്റം സുരക്ഷാ ഉദ്യോഗസ്ഥ മേലധികാരികളെ അറിയിച്ചതോടെയാണ് നടപടി സ്വീകരിക്കുന്നത്.

സംശയകരമായ രീതിയില്‍ പെരുമാറി എന്ന കാരണത്താല്‍ വിമാനത്താവളത്തിന്റെ സുരക്ഷാ വിഭാഗമാണ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ ജീവനക്കാരോട് സഹകരിക്കാതിരിക്കുക, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തുടര്‍ന്ന് ദമാമിലെ കോടതിയാണ് ഒരു മാസം ജയില്‍ ശിക്ഷ വിധിക്കുകയും ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ നാടുവിടണമെന്ന് ഉത്തരവിടുകയും ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.