പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദി, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വീസ്

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗദി, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വീസ്

ന്യൂഡല്‍ഹി: ജിസിസിയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. പുതിയ വിമാന കമ്പനിക്ക് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. അടുത്തിടെ സജീവമായ ആകാശ എയര്‍ എന്ന വിമാന കമ്പനിക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പുറമെ കൂടുതല്‍ രാജ്യങ്ങളിലേക്ക് കൂടി അനുമതിക്കായി കമ്പനി ശ്രമിക്കുന്നു എന്നാണ് വിവരം.

ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് കളത്തിലിറങ്ങിയ വിമാന കമ്പനിയാണ് ആകാശ എയര്‍. അടുത്തിടെ ചില നിയമക്കുരുക്കുകളില്‍ കമ്പനി പെട്ടിരുന്നു. പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവച്ചതും വാര്‍ത്തയായി. അതിനിടെയാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ് എന്നീ ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസിന് അനുമതി ലഭിച്ചിരിക്കുന്നത്.

ഒരു വിമാന കമ്പനിക്ക് മറ്റൊരു രാജ്യത്തേക്ക് സര്‍വീസ് നടത്തണമെങ്കില്‍ രണ്ട് രാജ്യങ്ങളുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ വിമാനത്താവളത്തിലെ സ്ലോട്ടുകള്‍ക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. യുഎഇയിലേക്ക് സര്‍വീസ് അനുമതി ലഭിക്കാന്‍ ആകാശ എയറിന് പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിമാന കമ്പനി എന്ന പദവി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് വിശദമായി പരിശോധിച്ച ശേഷമാണ് അനുമതി നല്‍കുക. ഇതിന് ശേഷം യാത്രയ്ക്ക് ഉദ്ദേശിക്കുന്ന രാജ്യത്തിന്റെയും അനുമതി വാങ്ങണം. ആകാശ എയറിന് മൂന്ന് രാജ്യത്തേക്കുള്ള അനുമതി ഇതിനകം ലഭിച്ചു കഴിഞ്ഞു.

കൂടുതല്‍ വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസിന് എത്തുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ കുറവ് വന്നേക്കും. ചെലവ് കുറഞ്ഞ യാത്ര എന്ന മുദ്രാവാക്യമാണ് ആകാശ എയര്‍ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ടുതന്നെ ആകാശ എയര്‍ ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് പ്രവാസികള്‍ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ആകാശ എയര്‍ വ്യോമയാന മേഖലയില്‍ രംഗപ്രവേശം ചെയ്തത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സര്‍വീസ്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആകാശ എയര്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുമെന്ന് അന്നുതന്നെ അറിയിച്ചിരുന്നു. അതിന് പുറമെയാണ് അന്താരാഷ്ട്ര സര്‍വീസിനും ഒരുങ്ങുന്നത്.

ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകനായിരുന്ന ശതകോടീശ്വരന്‍ ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള വിമാന കമ്പനിയാണ് ആകാശ എയര്‍. അടുത്തിടെയാണ് ഇദ്ദേഹം മരിച്ചത്. കമ്പനിയുടെ 46 ശതമാനം ഓഹരി ജുന്‍ജുന്‍വാലയുടെ കുടുംബത്തിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.