അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പേരിലാക്കിയത് ഒരുപിടി റെക്കോര്‍ഡുകള്‍. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന്റെയും റെക്കോര്‍ഡുകളാണ് രോഹിത് ശര്‍മ തന്റെ പേരില്‍ കുറിച്ചത്.
അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തിലെ കിടിലന്‍ സെഞ്ചുറിയോടെ രോഹിത് ശര്‍മയുടെ ലോകകപ്പ് സെഞ്ചുറികളുടെ എണ്ണം ഏഴായി. 63 പന്തില്‍ നിന്നു സെഞ്ചുറി തികച്ച രോഹിത്, ലോകകപ്പ് മല്‍സരത്തില്‍ ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയെന്ന നേട്ടവും കൈവരിച്ചു. അഫ്ഗാനെതിരെ 84 പന്തില്‍ നിന്ന് 131 റണ്‍സ് നേടിയ രോഹിത് ശര്‍മയെ സ്റ്റാര്‍ സ്പിന്നര്‍ റഷീദ് ഖാന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.
ഏഴാം സെഞ്ചുറിയോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന ആറു സെഞ്ചുറികള്‍ എന്ന നേട്ടം രോഹിത് മറികടന്നു. 1992 മുതല്‍ 2011 വരെയുള്ള കോലകപ്പ് എഡിഷനുകളിലെ 44 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സച്ചിന്‍ ആറ് സെഞ്ചുറിയെന്ന നേട്ടം കണ്ടെത്തിയതെങ്കില്‍ വെറും 19ാമത്തെ മാത്രം ലോകകപ്പ് മല്‍സരത്തില്‍ നിന്നാണ് രോഹിത് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
2015, 2019, 2023 എഡിഷനുകളിലെ 19 മല്‍സരങ്ങളില്‍ നിന്നായി ഏഴു സെഞ്ചുറിയടക്കം 1079 റണ്‍സാണ് രോഹിത് ശര്‍മ നേടിയിരിക്കുന്നത്. അഞ്ചു സെഞ്ചുറികളുമായി ഇതിഹാസ താരങ്ങളായ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയും റിക്കി പോണ്ടിംഗുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
ഇന്ത്യന്‍ താരങ്ങളില്‍ സൗരവ് ഗാംഗുലിക്ക് നാലും, ശിഖര്‍ ധവാന് മൂന്നും സെഞ്ചുറികളുണ്ട്. രാഹുല്‍ ദ്രാവിഡ്, വീരേന്ദ്രര്‍ സേവാഗ്, എന്നിവര്‍ക്കൊപ്പം വിരാട് കോലിയും രണ്ടു സെഞ്ചുറികളുമായി ആദ്യ 50 പേരുടെ ലിസ്റ്റിലുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍!
അഫ്ഗാനെതിരെ സെഞ്ചുറിക്കൊപ്പം സെഞ്ചുറിയുടെ എണ്ണത്തില്‍ മാത്രമല്ല, സിക്‌സുകളുടെ എണ്ണത്തിലും രോഹിത് ശര്‍മ റെക്കോര്‍ഡിട്ടു. ടെസ്റ്റ്, ഏകദിനം, ടി20 മല്‍സരങ്ങളിലുള്‍പ്പെടെയുള്ള അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സുകളുടെ റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്.
ക്രിസ് ഗെയ്‌ലിന്റെ 551 സിക്‌സുകളുടെ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. 483 മല്‍സരങ്ങളിലെ 551 മല്‍സരങ്ങളില്‍ നിന്നായാണ് ഗെയ്ല്‍ 551 സിക്‌സുകള്‍ നേടിയതെങ്കില്‍ 452 മല്‍സരങ്ങളിലെ 472 ഇന്നിംഗ്‌സുകളില്‍ നിന്നാണ് രോഹിതിന്റെ ഈ നേട്ടം.
ഇന്നത്തെ മല്‍സരത്തില്‍ നേടിയ അഞ്ചു സിക്‌സുകള്‍ ഉള്‍പ്പെടെ 556 സിക്‌സുകളാണ് ഹിറ്റ്മാന്റെ സമ്പാദ്യം. ഷഹീദ് അഫ്രീദി (476) ആണ് മൂന്നാം സ്ഥാനത്ത്. ബ്രെണ്ടന്‍ മക്കല്ലം (398), മാര്‍ട്ടിന്‍ ഗുപ്ടില്‍ (383) എന്നിവര്‍ നാലും അഞ്ചും സ്ഥാനത്ത്.
ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ് രണ്ടാമത്. 359 സിക്‌സുകളാണ് ക്യാപ്റ്റന്‍ കൂളിന്റെ നേട്ടം. വിരാട് കോലി 283 സിക്‌സുകളുമായി പിന്നാലെയുണ്ട്. 264 സിക്‌സുകളാണ് മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ പേരിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.