തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി. ചൈനീസ് കപ്പല്‍ ഷെന്‍ ഹുവ 15 നെ വാട്ടര്‍ സല്യൂട്ടോടെ കേരളം സ്വീകരിച്ചു. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഞായറാഴ്ച വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും.
ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പി.എം.സിയുടെ കപ്പലാണിത്. വിഴിഞ്ഞത്തിന് ആവശ്യമായ പ്രധാനപ്പെട്ട ക്രെയിനുകളാണ് ഈ കപ്പലിലുള്ളത്. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയിന്‍, രണ്ട് യാര്‍ഡ് ക്രെയിനുകള്‍ എന്നിവയാണിവ. കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ന്‍. തുറമുഖത്തിനകത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് വേണ്ടിയാണ് യാര്‍ഡ് ക്രെയിനുകള്‍.
ക്രെയ്‌നുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ പിന്നെ ആറ് മാസം പരീക്ഷണകാലമാണ്. ഷാന്‍ഹായ് പി.എം.സിക്കാണ് ഇക്കാലളവില്‍ ക്രെയ്‌നുകളുടെ പ്രവര്‍ത്തന ചുമതല. പിന്നീട് അദാനി ഗ്രൂപ്പ് ഓപ്പറേഷന്‍ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാര്‍ തുറമുഖത്തുണ്ടാകും. കമ്മീഷനിങോടെ സുരക്ഷ ചുമതല സി.ഐ.എസ്.എഫ് ഏറ്റെടുക്കും. മെയിലെ കമ്മീഷനിങിന് പിന്നാലെ ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്തെത്തും.
വിഴിഞ്ഞത്ത് കണ്ടെയ്‌നര്‍ ബെര്‍ത്ത് നിര്‍മാണം 73 ശതമാനം പൂര്‍ത്തിയായി. യാര്‍ഡ് ബെര്‍ത്ത് നിര്‍മാണം 34 ശതമാനം, പുലിമുട്ട് നിര്‍മാണം 53 ശതമാനം, ഡ്രെഡ്ജിങ് 65 ശതമാനം തുറമുഖ പ്രവര്‍ത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങളും സജ്ജമാണ്. ആദ്യഘട്ടത്തില്‍ ഒരേ സമയം രണ്ട് കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാം.
14,000 മുതല്‍ 20,000 കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക് നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെ നിന്ന് ചെറിയ കപ്പലുകളില്‍, ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വിഴിഞ്ഞം യാഥാര്‍ഥ്യമാകുന്നതോടെ മദര്‍ ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം. വിഴിഞ്ഞം തുറമുഖ പ്രദേശത്ത് കടലിന് 20 അടി ആഴമുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ചാനല്‍ വെറും 10 നോട്ടിക്കല്‍ മൈല്‍ അകലെയാണ്.
ഈ മാസം 15 നാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം. അന്ന് കപ്പൽ ബർത്തിന് സമീപത്തേയ്‌ക്ക് എത്തും. അതുവരെ കപ്പൽ ബർത്തിന് 100 മീറ്റർ അകലെ നങ്കൂരമിടും. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.