തൊഴുകൈകളോടെ വരേണ്ടയിടമല്ല ഇത്; നീതിക്കായുള്ള പോരാട്ടം ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി

തൊഴുകൈകളോടെ വരേണ്ടയിടമല്ല ഇത്; നീതിക്കായുള്ള പോരാട്ടം ഭരണഘടനാപരമായ അവകാശമെന്ന് ഹൈക്കോടതി

കൊച്ചി: നീതി ലഭിക്കാനുള്ള പോരാട്ടം ഭരണഘടനാപരമായ അവകാശമാണെന്ന് ഹൈക്കോടതി. നീതിയുടെ ദേവാലയമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല, ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കുന്ന ജഡ്ജിമാരാണ്.

തൊഴുകൈകളോടെ വരേണ്ടയിടമല്ല കോടതിയെന്നും വരുന്നവര്‍ ഔചിത്യം പാലിക്കുക എന്നതേയുള്ളുവെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. പൊലീസിനെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം വാദിക്കാനായി ഹാജരായ വനിത കണ്ണീരോടെയും തൊഴുകൈകളോടെയും കോടതിയിലെത്തിയപ്പോഴായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.

വീടിനു സമീപത്തെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടു. കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശം നല്‍കി.

ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് വനിതയ്ക്കെതിരേ ചുമത്തിയത്. 2019 ലാണ് സംഭവം. പ്രാര്‍ഥനാ കേന്ദ്രത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലെ നടപടികള്‍ അറിയാന്‍ വിളിച്ചപ്പോള്‍ ഇന്‍സ്പെക്ടര്‍ മോശമായാണ് പ്രതികരിച്ചതെന്നും ഇതു ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് തനിക്കെതിരേ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിക്കാരി വാദിച്ചു. ഇന്‍സ്പെക്ടര്‍ക്കെതിരേ മുന്‍പേ പരാതിയുള്ളതായും അവര്‍ ചൂണ്ടിക്കാട്ടി.

ഇന്‍സ്പെക്ടര്‍ക്കെതിരേ ഹര്‍ജിക്കാരി പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. കേസ് രജിസ്റ്റര്‍ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോടാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്‍സ്പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.