പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ പടയോട്ടം: തുടര്‍ച്ചയായ മൂന്നാം ജയം; പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ പടയോട്ടം: തുടര്‍ച്ചയായ മൂന്നാം ജയം; പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

അഹമ്മദാബാദ്: ലോകകപ്പില്‍ വീണ്ടും പാകിസ്ഥാനുമേല്‍ ഇന്ത്യന്‍ വിജയം. അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന് ഇന്ത്യന്‍ പട പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയ ലക്ഷ്യം 30.3 ഓവറില്‍ ഇന്ത്യ മറികടന്നു. തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. സെഞ്ച്വറിക്ക് അരികില്‍ പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് ആണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 63 പന്തില്‍ ആറ് സിക്സും ആറ് ഫോറും ഉള്‍പ്പെടെ രോഹിത് 86 റണ്‍സ് നേടി.

ശ്രേയസ് അയ്യര്‍ 62 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്നു. രണ്ട് സിക്സും മൂന്നു ഫോറും ചേര്‍ന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്സ്. കെ.എല്‍ രാഹുലും 29 പന്തില്‍ 19 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഏകദിന ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇന്ത്യ, പാകിസ്ഥാനെതിരേ നേടുന്ന തുടര്‍ച്ചയായ എട്ടാം ജയമാണിത്.

192 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്കായി തകര്‍ത്തടിച്ചാണ് രോഹിത് ശര്‍മ - ശുഭ്മാന്‍ ഗില്‍ സഖ്യം തുടങ്ങിയത്. ഡെങ്കിപ്പനി മൂലം ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഗില്‍ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിയത്. എന്നാല്‍ 11 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി.

തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് രോഹിത് 56 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് ട്രാക്കിലായി. ഇതിനിടെ ഹസന്‍ അലിക്കെതിരായ കോഹ്ലിയുടെ ഷോട്ട് പിഴച്ചു. പാകിസ്ഥാനെതിരേ എന്നും തിളങ്ങാറുള്ള കോഹ്ലി 18 പന്തില്‍ നിന്ന് 16 റണ്‍സുമായി മടങ്ങി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് - ശ്രേയസ് അയ്യര്‍ സഖ്യം കളി പൂര്‍ണമായും ഇന്ത്യയ്ക്ക് അനുകൂലമാക്കി. 77 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. രോഹിത് പുറത്തായതിനു പിന്നാലെ ശ്രേയസും കെ.എല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.  42.5 ഓവറില്‍ പാക് താരങ്ങള്‍ മടങ്ങി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ,പാണ്ഡ്യ, ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.