ചെന്നൈ: ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ കാണികള്‍ പാക് താരത്തിനെതിരെ 'ജയ് ശ്രീറാം' വിളിച്ച സംഭവത്തെ വിമര്‍ശിച്ച് തമിഴ്‌നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍. വിദ്വേഷം പടര്‍ത്താനുള്ള ഒരു ഉപകരണമായി കായിക മത്സരങ്ങളെ ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് അദേഹം വ്യക്തമാക്കി. ലോകകപ്പ് വേദിയില്‍ ഉണ്ടായത് തരം താഴ്ന്ന പ്രവര്‍ത്തിയാണെന്നും അദ്ദേഹം പറഞ്ഞു.
''ഇന്ത്യ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനും ആതിഥ്യമര്യാദയ്ക്കും പ്രശസ്തമാണ്. എന്നാല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ പാക് താരങ്ങളോട് കാണിച്ച പെരുമാറ്റം അസ്വീകാര്യവും തരംതാഴ്ന്നതുമാണ്. സ്പോര്‍ട്സ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണ ശക്തിയായിരിക്കണം, യഥാര്‍ത്ഥ സാഹോദര്യം വളര്‍ത്തിയെടുക്കണം. വിദ്വേഷം പടര്‍ത്താനുള്ള ഒരു ഉപകരണമായി ഇതിനെ ഉപയോഗിക്കുന്നത് അപലപനീയമാണ്''- സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
മുഹമ്മദ് റിസ്വാന്‍ ഔട്ടായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നിന്ന് പാക് താരത്തിനുനേരെ 'ജയ് ശ്രീറാം' വിളികള്‍ ഉയര്‍ന്നത്. എന്നാല്‍ കാണികളോട് പ്രതികരിക്കാതെ താരം നേരെ ഡ്രസിംഗ് റൂമിലേക്ക് നടന്നുപോയി. 49 റണ്‍സെടുത്ത റിസ്വാനെ 34-ാമത്തെ ഓവറിലെ അവസാനത്തെ പന്തില്‍ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നാലെയാണ് വിമര്‍ശനവുമായി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.