ഇന്ത്യയുടെ വാണിജ്യ കവാടം തുറന്ന് കേരളം: വിഴിഞ്ഞത്ത് ആദ്യ കപ്പലിറങ്ങി; ഷെന്‍ഹുവ 15ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

ഇന്ത്യയുടെ വാണിജ്യ കവാടം തുറന്ന് കേരളം: വിഴിഞ്ഞത്ത് ആദ്യ കപ്പലിറങ്ങി; ഷെന്‍ഹുവ 15ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പല്‍ ഷെന്‍ഹുവ 15ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്. ചടങ്ങില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ മത സാമുദായിക നേതാക്കളും പങ്കെടുത്തു. കപ്പല്‍ തീരത്തണയുന്നത് പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.

തീരത്തോടു ചേര്‍ന്ന് 20 മീറ്റര്‍വരെ സ്വാഭാവിക ആഴം ലഭിക്കുന്ന വിഴിഞ്ഞം തുറമുഖം നിലവില്‍ വരുന്നതോടെ എംഎസ്‌സി ഐറിന ഉള്‍പ്പെടെയുള്ള കൂറ്റല്‍ കപ്പലുകള്‍ക്കുവരെ ഇവിടേക്ക് അടുക്കാനാവും എന്നാണ് വിലയിരുത്തല്‍. മറ്റു രാജ്യങ്ങളിലുള്ള ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖങ്ങളെ ആശ്രയിക്കാതെ തന്നെ രാജ്യത്തെ ചരക്കു നീക്കം സാധിക്കുമെന്നതാണ് വിഴിഞ്ഞം തുറമുഖം കൊണ്ടുവരാന്‍ പോകുന്ന വലിയ മാറ്റം.

ഷെന്‍ഹുവ കപ്പലില്‍ എത്തിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ നാളെ ആരംഭിക്കും. ഒരു ഷിപ് ടു ഷോര്‍ ക്രെയിനും രണ്ട് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തിയത്. കപ്പല്‍ രണ്ട് ദിവസം മുമ്പേ എത്തിയതാണെങ്കിലും ഔദ്യോഗിക സ്വീകരണ പരിപാടി ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു.

ആദ്യത്തെ മദര്‍പോര്‍ട്ട് എന്ന സവിശേഷത കൂടിയുണ്ട് വിഴിഞ്ഞത്തിന്. തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തെ ഏത് വമ്പന്‍ കപ്പലിനും (മദര്‍ഷിപ്പ്) തീരമണയാനും ചരക്ക് കൈകാര്യം ചെയ്യാനുമാകും. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. ഇതോടെ ചരക്ക് കൈമാറ്റത്തിനായി നല്‍കിയിരുന്ന കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യം രാജ്യത്തിന് ലാഭിക്കും. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കവും അതിവേഗത്തിലാകും.

സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ രാജ്യത്തിന് സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താന്‍ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. രാജ്യത്തെ ആദ്യ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് പോര്‍ട്ട്, അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന പോര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണല്‍ ശേഷിയില്‍ സിംഗപ്പൂര്‍ തുറമുഖത്തേക്കാള്‍ വലുതാണ് വിഴിഞ്ഞം തുറമുഖം.
അതേപോലെ വിനോദസഞ്ചാര മേഖലക്കും വന്‍ മുതല്‍ക്കൂട്ടാണിത്. ഇന്ത്യയിലെ കടല്‍ മാര്‍ഗമുള്ള വിനോദ സഞ്ചാര ഹബ്ബായും തിരുവനന്തപുരം മാറുമെന്നാണ് വിലയിരുത്തല്‍. വിഴിഞ്ഞത്തിനു സമീപത്തുള്ള അടിമലത്തുറയില്‍ ക്രൂയിസ് ടൂറിസം പദ്ധതിക്കും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 40 വര്‍ഷത്തേക്കാണ് തുറമുഖം നടത്തിപ്പ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.