മാര്‍പാപ്പയെ വീണ്ടും ഇന്ത്യയിലേക്ക് ക്ഷണിച്ച് സിനഡിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍; സന്ദര്‍ശനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പരിശുദ്ധ പിതാവ്

മാര്‍പാപ്പയെ വീണ്ടും ഇന്ത്യയിലേക്ക് ക്ഷണിച്ച് സിനഡിലെ സീറോ മലബാര്‍ സഭാംഗങ്ങള്‍; സന്ദര്‍ശനത്തിനുള്ള  ആഗ്രഹം പ്രകടിപ്പിച്ച് പരിശുദ്ധ പിതാവ്

കൊച്ചി: ആഗോള കത്തോലിക്കാ സഭാ സിനഡില്‍ പങ്കെടുക്കുന്ന സീറോ മലബാര്‍ സഭാ പ്രതിനിധികള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്‌തോലിക സിംഹാസനത്തോടുമുള്ള സീറോ മലബാര്‍ സഭയുടെ സ്‌നേഹവും വിധേയത്വവും പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്നത്തെ സിനഡ് സമ്മേളനത്തിന് മുമ്പ് നടന്ന കൂടിക്കാഴ്ച്ചയില്‍ ഫാ. ജേക്കബ് കോറോത്ത് വരച്ച വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഐക്കണ്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. സിബിസിഐ പ്രസിഡന്റ് എന്ന നിലയില്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് മാര്‍പാപ്പയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ വീണ്ടും ക്ഷണിച്ചു.


ഇന്ത്യാ സന്ദര്‍ശനത്തിനുള്ള തന്റെ ആഗ്രഹം മാര്‍പ്പാപ്പ പ്രകടിപ്പിക്കുകയും സമയത്തിന്റെ പൂര്‍ണതയില്‍ ദൈവഹിത പ്രകാരം അത് സംഭവിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഈ കൂടിച്ചേരലിന് പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ക്കൊപ്പം സിനഡില്‍ സംബന്ധിക്കുന്ന മറ്റ് മലയാളികളും കൂടിക്കാഴ്ച്ചയില്‍ പങ്ക് ചേര്‍ന്നു.

ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് മെല്‍ബണ്‍ രൂപത ചാന്‍സലര്‍ ഫാ. സിജീഷ് പുല്ലാങ്കുന്നേല്‍, ഗള്‍ഫ് രാജ്യങ്ങളിലെ സഭയെ പ്രതിനിധീകരിക്കുന്ന ദുബായില്‍ നിന്നുള്ള മാത്യു തോമസ്, സിനഡല്‍ മീഡിയ ടീം അംഗമായ ഫാ. ജോര്‍ജ് പ്ലാത്തോട്ടം, സിനഡല്‍ ടീമിനെ സഹായിക്കുന്ന സംഘത്തിലെ അംഗമായ ബെല്‍ത്തങ്ങാടി സ്വദേശി ഫാ. ടോമി കള്ളിക്കാട്ട് എന്നിവരും കൂടിക്കാഴ്ച്ചയില്‍ പിതാക്കന്മാരോടൊപ്പമുണ്ടായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.