ദൈവത്തിന്റെ ക്ഷണം അടിച്ചേൽപ്പിക്കലല്ല സ്വാതന്ത്ര്യത്തിന്റേത്; സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം: ഞായറാഴ്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

 ദൈവത്തിന്റെ ക്ഷണം അടിച്ചേൽപ്പിക്കലല്ല സ്വാതന്ത്ര്യത്തിന്റേത്; സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം: ഞായറാഴ്ച സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം എല്ലാവരെയും തന്റെ കൂട്ടായ്മയിലേക്കും ആനന്ദത്തിലേക്കും ക്ഷണിക്കുന്നുവെന്നും തന്റെ ക്ഷണം സ്വീകരിക്കാനോ തിരസ്‌കരിക്കാനോ ഉള്ള സ്വാതന്ത്ര്യം അവിടുന്ന് നമുക്ക് നല്‍കിയിരിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. തന്റെ ക്ഷണം സ്വീകരിക്കാന്‍ ദൈവം നമുക്ക് പ്രചോദനം നല്‍കുന്നു. അവിടുത്തെ ക്ഷണം സ്വീകരിക്കുന്നതിലൂടെ, നമ്മുടെ ജീവിതത്തില്‍ നാം ദൈവത്തിന് ഇടം നല്‍കുന്നു. അങ്ങനെ, നിത്യമായ ആനന്ദത്തിലേക്കും ദൈവവുമായുള്ള കൂട്ടായ്മയിലേക്കും പ്രവേശിക്കാന്‍ നമുക്കു സാധിക്കുന്നു - പാപ്പ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചുകൂടിയ തീര്‍ത്ഥാടകരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്ത്, അവര്‍ക്ക് സുവിശേഷ സന്ദേശം നല്‍കവെയാണ് പാപ്പാ ഈ കാര്യങ്ങള്‍ പറഞ്ഞത്. മത്തായിയുടെ സുവിശേഷത്തിലെ വിവാഹവിരുന്നിന്റെ ഉപമയാണ് (മത്തായി 22: 1- 14) പരിശുദ്ധ പിതാവ് വ്യാഖ്യാനിച്ചത്.

തന്റെ പുത്രന്റെ വിവാഹവിരുന്നൊരുക്കി അതിലേക്ക് ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ ഭൃത്യന്മാരെ അയക്കുന്ന രാജാവിനെക്കുറിച്ചാണ് യേശു ഈ ഉപമയിലൂടെ നമുക്കു പറഞ്ഞുതരുന്നത്. വിരുന്നില്‍ പങ്കെടുക്കാന്‍ രാജാവ് ആരെയും നിര്‍ബന്ധിക്കുന്നില്ല. പകരം, ക്ഷണം സ്വീകരിക്കണമോയെന്ന തീരുമാനം അദ്ദേഹം ജനങ്ങള്‍ക്ക് വിട്ടു നല്‍കുകയാണ് ചെയ്തത്.

എല്ലാവര്‍ക്കും ക്ഷണം

ദൈവം നമുക്കെല്ലാവര്‍ക്കുമായി ഒരു വിരുന്ന് ഒരുക്കിയിരിക്കുന്നു. അവിടുത്തോടും മറ്റുള്ളവരോടുമുള്ള നമ്മുടെ കൂട്ടായ്മയാണ് ആ വിരുന്ന്. നാമെല്ലാവരും ദൈവത്താല്‍ ക്ഷണിക്കപ്പെട്ടവരാണ് - പാപ്പ പറഞ്ഞു. നമ്മുടെ സമയം കൊടുത്തുകൊണ്ടും സ്വതന്ത്രമനസോടെ എടുക്കുന്ന നമ്മുടെ സമ്മതം കൊണ്ടുമാണ് ദൈവത്തിന്റെ ക്ഷണത്തിന് നാം പ്രത്യുത്തരം നല്‍കേണ്ടത്.

അടിച്ചമര്‍ത്തലിന്റേതായ ഒരു ബന്ധമല്ല മറിച്ച്, പിതൃ-പുത്ര ബന്ധമാണ് ദൈവം നമ്മില്‍നിന്ന് ആഗ്രഹിക്കുന്നത്. അവിടുന്ന് നമ്മുടെ സ്വാതന്ത്ര്യത്തെ പൂര്‍ണമായി മാനിക്കുന്നു, ഒന്നും അടിച്ചേല്‍പ്പിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല - പാപ്പാ അഭിപ്രായപ്പെട്ടു.

ദൈവത്തിന്റെ തുറന്ന ക്ഷണം

ക്ഷണിക്കപ്പെട്ടവരില്‍ ചിലര്‍ ക്ഷണം നിരസിക്കുകയും തങ്ങളുടേതായ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്‌തെങ്കിലും, രാജാവ് അവരെ വീണ്ടും വിളിക്കുകയാണ് ചെയ്തതെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. അതുപോലെതന്നെ, അവിടുത്തെ ക്ഷണത്തോട് നാം വിസമ്മതം പ്രകടിപ്പിച്ചാലും, ഹൃദയവിശാലതയോടും ക്ഷമയോടും കൂടെ ദൈവം നമ്മെ വീണ്ടും വീണ്ടും വിളിക്കുന്നു - പാപ്പ കൂട്ടിച്ചേര്‍ത്തു.

'അതെ, ആ രാജാവ്, നമ്മുടെ പിതാവായ ദൈവം എന്താണ് ചെയ്യുന്നത് ?' - പാപ്പ ചോദിച്ചു. നമ്മെ ഉപേക്ഷിക്കാതെ, തന്റെ വിളി തുടരുകയാണ് അവിടുന്ന് ചെയ്യുന്നത്. ക്ഷണം സ്വീകരിക്കുന്നവരെ കണ്ടെത്തുവോളം അവിടുന്ന് അത് തുടരുന്നു.

എന്റെ പ്രതികരണം എന്ത്?

ദൈവത്തിന്റെ ക്ഷണം സ്വീകരിക്കുന്നതില്‍ നാം പലപ്പോഴും പരാജയപ്പെടാറുണ്ട്. നമ്മുടേതായ കാര്യങ്ങളില്‍ വ്യാപൃതരായിക്കൊണ്ട്, ദൈവത്തിന് സമയം കൊടുക്കാനില്ലെന്ന് നാം ഭാവിക്കുന്നു. എന്നാല്‍, ദൈവത്തിന് നാം കൊടുക്കുന്ന സമയം, നമ്മുടെ ഹൃദയത്തിന്റെ മുറിവുകള്‍ ഉണക്കാനും ഭാരങ്ങള്‍ ഇറക്കിവയ്ക്കാനും നമ്മെ സ്വതന്ത്രരാക്കി, നമ്മുടെ സമാധാനവും ആത്മവിശ്വാസവും സന്തോഷവും വര്‍ദ്ധിപ്പിക്കാനുമുള്ള അവസരമാക്കി അവിടുന്ന് മാറ്റും. ഏകാന്തതയില്‍നിന്നും അര്‍ത്ഥശൂന്യതയില്‍നിന്നും ദുഷ്ടനില്‍നിന്നും അവിടുന്ന് നമ്മെ രക്ഷിക്കുകയും ചെയ്യും - പാപ്പ ചൂണ്ടിക്കാട്ടി.

വിശുദ്ധ കുര്‍ബാനയിലൂടെയും ദൈവവചന ശ്രവണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും പരസ്‌നേഹ പ്രവര്‍ത്തികളിലൂടെയും പരസ്പരം കേള്‍ക്കുന്നതിലൂടെയുമാണ് നമ്മുടെ ജീവിതത്തില്‍ ദൈവത്തിന് ഇടം നല്‍കാന്‍ നമുക്കു സാധിക്കുക. പാവങ്ങളെയും രോഗികളെയും ഏകാന്തതയനുഭവിക്കുന്നവരെയും ആശ്വസിപ്പിക്കുമ്പോള്‍ അവരിലുള്ള ദൈവത്തോടൊപ്പം നാം സമയം ചെലവഴിക്കുന്നു. നമുക്ക് സ്വയം ചോദിക്കാം: ദൈവത്തിന്റെ ക്ഷണത്തോടുള്ള എന്റെ പ്രതികരണമെന്താണ്?

അവസാനമായി, നമ്മുടെ ദൈനംദിന ജീവിതത്തില്‍ ദൈവത്തിനായി നാം എത്രമാത്രം ഇടം നല്‍കുന്നുണ്ട് എന്ന് ആത്മശോധന ചെയ്ത് കണ്ടെത്താന്‍ പരിശുദ്ധ പിതാവ് എല്ലാവരോടും ആഹ്വാനം ചെയ്തു. നമ്മുടെ സഹായം ആവശ്യമുള്ളവരെ മറന്ന്, സ്വന്തം കാര്യങ്ങളില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടോ? മറ്റുള്ളവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ ചെയ്യുന്നതിലൂടെയാണ് ജീവിതത്തില്‍ യഥാര്‍ത്ഥ സമാധാനവും സന്തോഷവും കണ്ടെത്താനാവുക - പാപ്പാ ഓര്‍മ്മപ്പെടുത്തി.

ദൈവഹിതത്തിന് ആമേന്‍ പറഞ്ഞുകൊണ്ട്, ദൈവത്തിന് തന്റെ ജീവിതത്തില്‍ ഇടം നല്‍കിയ പരിശുദ്ധ കന്യകാമറിയം ദൈവത്തിന്റെ ക്ഷണങ്ങള്‍ക്കുനേരെ തുറവിയുള്ളവരായിരിക്കാന്‍ നമ്മെ സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.