തിരുവനന്തപുരം: വന്ദേ ഭാരത് അടക്കമുള്ള പുതിയ ട്രെയിനുകള്‍ കൃത്യ സമയത്ത് ഓടുന്നതിനായി കേരളത്തിലെ മറ്റ് പ്രധാന ട്രെയിനുകള്‍ റെയില്‍വേ മനപൂര്‍വം വൈകിപ്പിക്കുന്നതായി യാത്രക്കാരുടെ പരാതി. ഇന്റര്‍സിറ്റി, പാലരുവി, രാജധാനി, ഏറനാട് തുടങ്ങിയ ട്രെയിനുകള്‍ വന്ദേ ഭാരതിനായി 45 മിനിട്ടോളം വൈകിപ്പിക്കുന്നതായാണ് പരാതി.
5.05ന് യാത്ര ആരംഭിക്കുന്ന വേണാട് 5.25 ന് പുനക്രമീകരിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് യാത്രക്കാര്‍ പ്രതിഷേധിച്ചു. പെട്ടെന്നുള്ള പുനക്രമീകരണങ്ങള്‍ സ്ഥിരം യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയില്‍ പറയുന്നു. എറണാകുളത്ത് നിന്ന് വൈകിട്ട് 6.05 ന് യാത്ര തിരിക്കുന്ന കായംകുളം എക്സ്പ്രസ് അടുത്തിടെയായി 40 മിനിട്ടോളം വൈകിപ്പിക്കുന്നു. ജനശതാബ്ദി, നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍ എന്നിവയും വൈകിയോടുന്ന ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ അറ്റകുറ്റപ്പണികള്‍ കാരണമാണ് ട്രെയിനുകള്‍ വൈകുന്നതെന്നാണ് റെയില്‍വേയുടെ വാദം. ഇത്തരത്തില്‍ ട്രെയിനുകള്‍ ഏറെ സമയം വൈകുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെടുകയാണ് യാത്രക്കാര്‍. ട്രെയിനുകള്‍ വൈകിയോടുന്നതിനാല്‍ മറ്റ് ട്രെയിനുകളില്‍ തിരക്ക് അധികരിക്കുന്നതായി ഓള്‍ കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ജെ പോള്‍ മാന്‍വെട്ടം പറഞ്ഞു.
രാവിലെ 9.30, 9.40 ഓടെ വേണാട് എക്സ്പ്രസ് എറണാകുളത്ത് എത്തുകയാണെങ്കില്‍ യാത്രക്കാര്‍ക്കത് വലിയ ആശ്വാസമായിരിക്കും. വേണാടിന് പകരമായി ആളുകള്‍ ഇപ്പോള്‍ പാലരുവി എക്സ്പ്രസിലാണ് കയറുന്നത്. ഇത് തിരക്ക് കൂടുന്നതിന് കാരണമാവുന്നു. വേണാട് പത്തിന് എത്തുന്നത് ഓഫീസില്‍ പോകുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. അത് ഓഫീസിലെത്താന്‍ വൈകുന്നതിന് കാരണമാവുന്നു. ട്രെയിനുകള്‍ സമയത്തുതന്നെ ഓടുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.