ഇസ്രയേല്‍ സേനയും കണ്ണൂരും തമ്മില്‍ എന്ത്? യുദ്ധമുഖത്തെ സേനയ്ക്ക് കണ്ണൂരിന്റെ കരസ്പര്‍ശം

ഇസ്രയേല്‍ സേനയും കണ്ണൂരും തമ്മില്‍ എന്ത്? യുദ്ധമുഖത്തെ സേനയ്ക്ക് കണ്ണൂരിന്റെ കരസ്പര്‍ശം

കണ്ണൂര്‍: യുദ്ധമുഖത്ത് ഇസ്രയേല്‍ സേന ധരിക്കുന്ന യൂണിഫോം തുന്നുന്നത് കണ്ണൂരില്‍ നിന്നാണ്. രണ്ട് നാടുകള്‍ തമ്മിലുള്ള ഈ നൂലിഴബന്ധത്തിന് പിന്നില്‍ ഇസ്രയേല്‍ സേന അണിയുന്ന യൂണിഫോമിന്റെ ഭാഗമായ ഇളം നീല ഷര്‍ട്ടാണ്. കണ്ണൂരില്‍ നിന്നാണ് ഇവ തയ്ക്കുന്നത്. കണ്ണൂര്‍ കൂത്തുപറമ്പിലെ മരിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് യൂണിഫോം ഷര്‍ട്ടു തയ്ക്കാന്‍ ഇസ്രയേല്‍ കരാര്‍ നല്‍കിയിരിക്കുന്നത്. തൊടുപുഴ സ്വദേശിയായ വ്യവസായി തോമസ് ഒലിക്കലിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.

ലോകോത്തര നിലവാരത്തിലുള്ള കുപ്പായങ്ങള്‍ ഇവിടെ നിന്നും തയ്ച്ച് ഇസ്രയേലിലേക്ക് കയറ്റി അയക്കാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷത്തോളമായി. ഫിലിപ്പിയന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്സ് തുടങ്ങി വിവിധ സേനകള്‍ക്കും കണ്ണൂരില്‍ നിന്നാണ് യൂണിഫോം തയ്യാറാക്കുന്നത്. വിവിധ രാജ്യങ്ങളുടെ സൈന്യത്തിന് ആവശ്യമായ പ്രത്യേകതരം കറുത്ത യൂണിഫോമും ജയില്‍ വാര്‍ഡര്‍മാരുടെ യൂണിഫോമുകളും തുന്നുന്നത് ഇവിടെ നിന്നാണ്.

ഇവിടെ ജോലി ചെയ്യുന്ന 1,500 ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. സമീപ പ്രദേശത്തുള്ള സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാണ് യൂണിഫോം തുന്നുന്നതിന് പ്രാപ്തരാക്കുന്നത്. അധികമായി 1,000 തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് സ്ഥാപനം. ഇതിനായി കെട്ടിടം വിപുലീകരിക്കുന്നതിനുള്ള സഹായങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വെറും ഡബിള്‍ പോക്കറ്റ് ഷര്‍ട്ട് തയ്ക്കല്‍ മാത്രമല്ല ഇവിടെ ചെയ്യുന്നത്. അവരുടെ ഔദ്യോഗിക മുദ്രകള്‍ രൂപകല്‍പ്പന ചെയ്യുന്നതും ഷര്‍ട്ടില്‍ പതിപ്പിക്കുന്നതും എല്ലാം കണ്ണൂരില്‍ നിന്നാണ് ചെയ്യുന്നത്. വര്‍ഷം ഒരു ലക്ഷത്തോളം ഷര്‍ട്ടുകള്‍ ഇവര്‍ ഇസ്രയേല്‍ പൊലീസ് സേനയ്ക്കായി കയറ്റുമതി ചെയ്യുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ സേനകള്‍ക്കും യുണിഫോം തയ്ച്ചു നല്‍കാന്‍ തയാറെടുക്കുകയാണ് ഇവര്‍. കുവൈറ്റ് നാഷണല്‍ ഗാര്‍ഡിന്റേയും അഗ്‌നിശമന സേനയുടേയും യൂണിഫോം തയ്ക്കാനുള്ള കരാറുകള്‍ കൂടി ഈ കമ്പനി നേടിയിട്ടുണ്ട്.

പുരുഷ, വനിതാ യുണീഫോമുകള്‍ ഇസ്രയേല്‍ പൊലീസിനു വേണ്ടി നിര്‍മ്മിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. നേരത്തെ ട്രൗസറുകളും നല്‍കിയിരുന്നു. ഇവിടെ നിര്‍മ്മിക്കുന്ന യുണിഫോമിന്റെ ഗുണ നിലവാരത്തില്‍ ഇസ്രയേല്‍ പൊലീസ് ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് കമ്പനി പറയുന്നു. ഗുണനിലവാര പരിശോധനയ്ക്കും നിര്‍മ്മാണ നിരീക്ഷണത്തിനുമായി ഉന്നത ഓഫീസര്‍മാര്‍ ഇസ്രയേലില്‍ നിന്ന് ഇടയ്ക്കിടെ ഇവിടെ വന്നു പോകാറുണ്ട്. ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലും തുന്നലും എംബ്രോയ്ഡറി അടക്കം എല്ലാം സൂക്ഷ്മമായി പരിശോധിക്കും.

യുഎസില്‍ നിന്നാണ് തുണി ഇറക്കുമതി ചെയ്യുന്നത്. കമ്പനിയുടെ മുംബൈയിലെ സ്വന്തം മില്ലില്‍ നിര്‍മ്മിച്ച തുണിയും ഉപയോഗിക്കും. വര്‍ഷത്തില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മ്മിച്ച് കയറ്റി അയക്കുന്നുണെന്ന് ഫാക്ടറി മാനേജര്‍ ടി.വി ഷനീഷ് വ്യക്തമാക്കുന്നു.
2006 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി വിവിധ സേനകളുടെയും ആരോഗ്യ രംഗത്തുള്ളവരുടേയും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമുള്ള യൂണിഫോം നിര്‍മാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒപ്പം സ്‌കൂള്‍ യുണിഫോമും ചെയ്യുന്നുണ്ട്.

2008 ലാണ് നിര്‍മ്മാണ യൂണിറ്റ് കണ്ണൂരിലേക്ക് മാറ്റി സ്ഥാപിച്ചത്. പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ വൈദഗ്ധ്യമുള്ള ജോലിക്കാരെ വേണ്ടത്ര ലഭിക്കാത്തതാണ് വെല്ലുവിളിയെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.