വിസ, റെസിഡൻസ് പെർമിറ്റ് രേഖകൾ വ്യാജമായി നിർമിച്ചാൽ 10 വർഷം വരെ തടവ്; മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ

വിസ, റെസിഡൻസ് പെർമിറ്റ് രേഖകൾ വ്യാജമായി നിർമിച്ചാൽ 10 വർഷം വരെ തടവ്; മുന്നറിയിപ്പുമായി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ

ദുബായ്: വിസ, റെസിഡൻസ് പെർമിറ്റ് രേഖകൾ വ്യാജമായി നിർമ്മിച്ചാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ അധികാരികൾ. നിയമത്തെ കുറിച്ചുള്ള സുപ്രധാന ഓർമപ്പെടുത്തൽ നൽകി ദുബായ് പബ്ലിക് പ്രോസിക്യൂഷൻ സമൂഹ മാധ്യമങ്ങളിൽ വിവരങ്ങൾ പങ്കുവച്ചു.

നിയമം ലംഘിക്കുക എന്ന ഉദ്ദേശത്തോടെ വിസ, റെസിഡൻസ് പെർമിറ്റ് അല്ലെങ്കിൽ ഇവയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ വ്യാജമായി ഉണ്ടാക്കിയാൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അറിയിപ്പിൽ പറയുന്നു. വ്യാജരേഖ ചമയ്ക്കുന്നവർ മാത്രമല്ല, വ്യാജരേഖകളാണെന്ന അറിവോടെ ഇത്തരം രേഖകൾ ഉപയോഗിക്കുന്നവരും ശിക്ഷാർഹരാണ്.

കഴിഞ്ഞ വർഷം യുഎഇയിൽ വ്യാജ റെസിഡൻസ് പെർമിറ്റോ വിസയോ ഉണ്ടാക്കിയവർ ഉൾപ്പെടെ 10,576 അനധികൃത താമസക്കാർക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു. താമസ വിസയുടെ കാലാവധി കഴിഞ്ഞവർ, വിസിറ്റ് വിസയിൽ ജോലിചെയ്യവെ പിടിക്കപ്പെട്ടവർ, സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർ, ഔദ്യോഗിക അനുമതിയില്ലാതെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു. പിടിക്കപ്പെടുന്നവരെ നടപടികൾക്ക് ശേഷം നാടുകടത്തുകയാണ് ചെയ്യുക.

തൊഴിൽ മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടാതെ ജീവനക്കാരെ റിക്രൂട്ട് ചെയ്യുകയോ നിയമിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. തൊഴിലുടമ നിർബന്ധിച്ചാലും വർക്ക് പെർമിറ്റ് നേടാതെ ജോലിചെയ്യാതിരിക്കാൻ തൊഴിലാളി ബാധ്യസ്ഥനാണെന്ന് നിയമത്തിൽ പറയുന്നു. നിയമംലംഘിച്ചാൽ തൊഴിലുടമയിൽ നിന്ന് പിഴ ഈടാക്കുകയും വിദേശിയാണെങ്കിൽ നാടുകടത്തുകയും ചെയ്യും. തൊഴിൽ വിസ, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ എല്ലാ വിസകളുടെയും കാലാവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയാൽ അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിർഹമാണ് പിഴ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.