എല്ലാ പൊതുവിദ്യാലയങ്ങളിലും 2025ഓടെ സൗജന്യ ഭക്ഷണം; പ്രഖ്യാപനവുമായി യുഎഇ മന്ത്രി

എല്ലാ പൊതുവിദ്യാലയങ്ങളിലും 2025ഓടെ സൗജന്യ ഭക്ഷണം; പ്രഖ്യാപനവുമായി യുഎഇ മന്ത്രി

അബുദാബി: 2025ഓടെ രാജ്യത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും സൗജന്യ ഭക്ഷണം നൽകുമെന്ന് യുഎഇ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമ്‌ഹെയ്‌രി. സംരംഭത്തിന്റെ ആദ്യ ഘട്ടം 2023-24ൽ ആരംഭിക്കുമെന്നും 2024 - 25ൽ പൂർണമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പാരീസിൽ സ്‌കൂൾ ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് സംഘടിപ്പിച്ച ആഗോള മന്ത്രിമാരുടെയും നയരൂപീകരണ പ്രവർത്തകരുടെയും സമ്മേളനമായ ഗ്ലോബൽ സ്‌കൂൾ മീൽസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

പോഷകാഹാരവും ആരോഗ്യകരമായ ബാല്യവും ഉറപ്പാക്കുന്ന വിധത്തിലാണ് യുഎഇ സ്‌കൂൾ മീൽസ് സംരംഭം വിഭാവനം ചെയ്തിട്ടുള്ളത്. വ്യക്തികളുടെ ദീർഘകാല സ്വഭാവത്തെ കൂടി സ്വാധീനിക്കുന്ന ഒന്നാണിത്. പോഷകാഹാരവും വിദ്യാഭ്യാസവും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്നും മറിയം മുഹമ്മദ് പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യവും പോഷകസമൃദ്ധവുമായ ഭക്ഷണം നൽകും. കുറഞ്ഞ സമയത്തിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് പോകുകയാണ്. ഒരു വിദ്യാർഥിക്ക് മികച്ച സ്‌കൂളും മികച്ച അധ്യാപകരെയും ലഭിച്ചാലും പോഷകാഹാരം ലഭിക്കുന്നില്ലെങ്കിൽ വിദ്യാഭ്യാസം ശരിയായി ഉൾക്കൊള്ളാൻ കഴിയില്ല. ഏതൊരു കുട്ടിയുടെയും ജീവിതത്തിലെ ആദ്യത്തെ 1,000 ദിവസങ്ങൾ വളരെ നിർണായകമാണ്.

സ്‌കൂൾ ഭക്ഷണത്തിനായി ചെലവഴിക്കുന്ന ഓരോ ഡോളറിനും ഒമ്പത് ഡോളർ ലാഭിക്കപ്പെടുന്നുവെന്നാണ് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുള്ളതെന്നും മറിയം മുഹമ്മദ് ചൂണ്ടിക്കാട്ടി. ഒരാൾക്ക് അവരുടെ ജീവിതത്തിന്റെ പ്രാരംഭഘട്ടത്തിൽ നല്ല പോഷകാഹാരം ലഭിക്കുന്നില്ലെങ്കിൽ, പിന്നീട് അവർ രോഗബാധിതരാകാൻ സാധ്യതയുണ്ട്. അതായത് സാമ്പത്തിക മെച്ചം ഉണ്ടാക്കുന്നതിൽ ആ വ്യക്തിയുടെ സംഭാവന നഷ്ടപ്പെടുന്നുവെന്ന് മാത്രമല്ല, ചികിൽസയ്ക്ക് വലിയ തുക ചെലവിടേണ്ടിയും വരുന്നുവെന്നും അവർ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.