ബിജെപി ബന്ധം എതിര്‍ത്ത ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സി.എം ഇബ്രാഹിം പുറത്ത്; പകരം ചുമതല കുമാര സ്വാമിക്ക്

ബിജെപി ബന്ധം എതിര്‍ത്ത ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സി.എം ഇബ്രാഹിം പുറത്ത്; പകരം  ചുമതല കുമാര സ്വാമിക്ക്

ബംഗളുരു: കര്‍ണാടകയില്‍ ബിജെപി ബന്ധം എതിര്‍ത്ത ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സി.എം ഇബ്രാഹിമിനെ പുറത്താക്കി എച്ച്.ഡി ദേവെ ഗൗഡയും കുമാര സ്വാമിയും. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജെഡിഎസ് എന്‍ഡിഎ മുന്നണി പ്രവേശം നടത്തിയതിനെയും ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെയും എതിര്‍ത്ത് സി.എം ഇബ്രാഹിം രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ ജെഡിഎസ് താനാണെന്നും ബിജെപി ബാന്ധവം എച്ച്.ഡി കുമാര സ്വാമിയുടെ വ്യക്തിപരമായ കാര്യമാണെന്നും സി.എം ഇബ്രാഹിം പറഞ്ഞിരുന്നു.

ജെഡിഎസ് ബിജെപിയുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസിന്റെ മുതിര്‍ന്ന നേതാവുമായ എച്ച്.ഡി കുമാര സ്വാമിയെയും മകന്‍ നിഖില്‍ കുമാരസ്വാമിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്തക്കിയതായി കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ സി.എം ഇബ്രാഹിമിന്റെ ലെറ്റര്‍ ഹെഡില്‍ പുറത്തിറങ്ങിയ കത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെട്ടിരുന്നു.

കത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച സാഹചര്യത്തില്‍ കത്ത് വ്യാജമാണെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആരോ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നതാണെന്നും ആരോപിച്ച് സി.എം ഇബ്രാഹിം തന്നെ കഴിഞ്ഞ ദിവസം പോലീസിന് പരാതി നല്‍കിയിരുന്നു.

എന്‍ഡിഎ പ്രവേശവും ബിജെപി ബാന്ധവവും സി.എം ഇബ്രാഹിമിനോട് കൂടി ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കിയാണ് ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ പുറത്താക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും അധ്യക്ഷ പദവിയില്‍ നിന്നും സി.എം ഇബ്രാഹിമിനെ നീക്കിയതായും അധ്യക്ഷന്റെ ചുമതല താല്‍കാലികമായി കുമാരസ്വാമിക്ക് നല്‍കുന്നതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

ദേവഗൗഡയും കുമാര സ്വാമിയുമുള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയുമായി സഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച സമയത്ത്, താനാണ് യഥാര്‍ത്ഥ ജെഡിഎസ് എന്നും താന്‍ 'ഇന്ത്യ' സഖ്യത്തെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ച് സി.എം ഇബ്രാഹിം രംഗത്ത് വന്നിരുന്നു.

രണ്ട് വര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് സി.എം ഇബ്രാഹിം ജെഡിഎസില്‍ ചേര്‍ന്നത്. കര്‍ണാടക ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാത്തതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള രാജി.

തുടര്‍ന്ന് ജെഡിഎസില്‍ ചേരുകയും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് ജെഡിഎസ് അദേഹത്തിന് സംസ്ഥാന അധ്യക്ഷ പദം നല്‍കുകയുമായിരുന്നു. തിരഞ്ഞെടുപ്പില്‍ ജെഡിഎസ് ചരിത്രത്തില്‍ ഏറ്റവും വലിയ തോല്‍വി രുചിച്ചതോടെ ഉത്തരവാദിത്തം ഏറ്റെടുത്തു സി.എം ഇബ്രാഹിം രാജി സമര്‍പ്പിച്ചിരുന്നെങ്കിലും നേതൃത്വം ഇത് അംഗീകരിച്ചിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.