തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ശതാബ്ദി നിറവില്‍. ഇടതുപക്ഷത്തെ ജനകീയപക്ഷമാക്കിയ സമരവീര്യം വിഎസിന് ഇന്ന് നൂറാം ജന്മദിനമാണ്. പതിവുപോലെ വലിയ ആഘോഷങ്ങള്‍ ഇല്ലെങ്കിലും പ്രിയ നേതാവ് നൂറു വയസ് പിന്നിടുന്നതിന്റെ ആഹ്ലാദത്തിലാണ് അണികള്‍.
തിരുവനന്തപുരം ബാര്‍ട്ടന്‍ഹില്ലില്‍ മകന്‍ വി.എ അരുണ്‍കുമാറിന്റെ വസതിയില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ് വിഎസ്. പക്ഷാഘാതത്തെ തുടര്‍ന്ന് 2019 ഒക്ടോബര്‍ മുതലാണ് വിഎസ് പൂര്‍ണ്ണവിശ്രമത്തിലേക്ക് കടന്നത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ടിവി കണ്ടും പത്രം വായിച്ചും സമകാലിക സംഭവങ്ങളെല്ലാം വി.എസ് അറിയുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ പറയുന്നു.
വി.എസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ അനിഷേധ്യ പങ്ക് വഹിച്ച നേതാവാണ് വി.എസ് എന്ന് പിണറായി വിജയന്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.
വി.എസ് അച്യുതാനന്ദന് ആശംസകളുമായി വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ.കെ രമയും രംഗത്തെത്തി. വിപ്ലവോജ്വലവും ആവേശകരവുമായ സമരധന്യ ജീവിതം ഒരു നൂറ്റാണ്ടിന്റെ പൂര്‍ണതയെ തൊടുമ്പോള്‍ സ്‌നേഹത്തോടെ, ആദരവോടെ, വിപ്ലവാഭിവാദ്യങ്ങളോടെ പിറന്നാള്‍ ആശംസകള്‍ എന്ന് കെ.കെ രമ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.
ജന്മനാടായ പുന്നപ്രയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പായസ വിതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കും. നൂറാം ജന്മദിനത്തോടനുബന്ധിച്ച് വി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക പുസ്തകവും സിപിഐഎം പുറത്തിറക്കും. ഇടത് അനുഭവമുള്ള സാംസ്‌കാരിക വേദികളുടെ നേതൃത്വത്തില്‍ ജന്മദിന സമ്മേളനങ്ങളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
മനുഷ്യനോട് സത്യസന്ധത പുലര്‍ത്തിയ ഭരണാധികാരിയായിരുന്നു വി.എസ്. ലോകത്തില്‍ അത്ഭുതങ്ങള്‍ നിരവധിയുണ്ടെങ്കിലും ഏറ്റവും വലിയ അത്ഭുതം മനുഷ്യനാണെന്നായിരുന്നു വിഎസിന്റെ പക്ഷം. അതിലപ്പുറം ഒരു ചുക്കുമില്ലെന്നായിരുന്നു അദേഹത്തിന്റെ നിലപാട്. തനിക്കനൂകൂലമായ വിധത്തില്‍ ജനങ്ങളെ മാറ്റുന്ന നേതാവാകാന്‍ വി.എസ് ഒരിക്കലും ശ്രമിച്ചില്ല. ഞങ്ങളാണ് ശരിയെന്ന ഒരു കൂട്ടര്‍ ശഠിക്കുമ്പോള്‍ നമ്മളാണ്, അഥവാ ജനങ്ങളാണ് ശക്തിയെന്ന് തിരിച്ചറിഞ്ഞ നേതാവാണ് അദേഹം.
അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസില്‍ അമ്മയേയും പതിനൊന്നാം വയസില്‍ അച്ഛനേയും നഷ്ടപ്പെട്ട വി.എസ് കടുത്ത ദാരിദ്ര്യത്തില്‍ കെട്ടിപ്പൊക്കിയതായിരുന്നു പോരാട്ട ജീവിതം. 1965 മുതല്‍ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അദേഹം വിജയിച്ചുകയറി. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദന്‍ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പക്ഷാഘാതത്തെ തുടര്‍ന്ന് 2019 ഒക്ടോബര്‍ മുതലാണ് വി.എസ് പൂര്‍ണ വിശ്രമത്തിലേക്ക് കടന്നത്. ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 ന് ആയിരുന്നു ജനനം. 1939-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി.എസ് 1940ല്‍ പതിനേഴാം വയസിലാണ് നിരോധിത കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. സഖാവ് പി. കൃഷ്ണപിള്ളയാണ് വി.എസിനുളളിലെ കമ്യൂണിസ്റ്റുകാരനെയും അദ്ദേഹത്തിന്റെ നേതൃപാടവവും തിരിച്ചറിഞ്ഞത്. സഖാവിന്റെ നിര്‍ദേശാനുസരണം ബ്രിട്ടീഷ് ഭരണത്തില്‍ കയര്‍-കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് ഉജ്വല സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ വി.എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം ദരിദ്ര ജനതയുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. പുന്നപ്ര വയലാര്‍ സമരനായകന്‍, സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സംസ്ഥാന സെക്രട്ടറി. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1964 ല്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഐഎം രൂപീകരിച്ച 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാളാണ് സഖാവ് വി.എസ്. ഏറ്റവും കൂടിയ പ്രായത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 2006 മെയ് പതിനെട്ടിന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പ്രായം 83 ആയിരുന്നു.
പാര്‍ട്ടിക്കകത്ത് ഒരേസമയം നായകനും പ്രതിനായകനുമായപ്പോള്‍ പലതവണ പാര്‍ട്ടി അച്ചടക്ക നടപടിക്ക് വിധേയനായി. പിണറായിക്കെതിരെ ലാവ്‌ലിന്‍ പോരാട്ടത്തെ തുടര്‍ന്ന് വി.എസിനെ പിബിയില്‍ നിന്ന് പുറത്താക്കി. സംഘടനാ തത്വങ്ങളും അച്ചടക്കവും ലംഘിച്ചെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നായിരുന്നു വിശദീകരണം. എന്റെ രാഷ്ട്രീയ സുതാര്യത മനസാക്ഷിക്കനുസരിച്ചുള്ള പ്രവര്‍ത്തനമാണ്. അപ്പോള്‍ എങ്ങനെ ഈ പ്രശ്‌നത്തില്‍ മനസാക്ഷിയെ മാറ്റി നിര്‍ത്തും. അതു ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചു. പിബി അംഗീകരിച്ചില്ല. എന്നെ പുറത്താക്കിയെന്നായിരുന്നു അന്ന് വി.എസിന്റെ പ്രതികരണം. ചതിയുടെ രാഷ്ട്രീയ അടവുകള്‍ ആര്‍ക്കെതിരെയും പ്രയോഗിച്ചിട്ടില്ലെന്ന ആത്മവിശ്വാസമാണ് തന്റെ രാഷ്ട്രീയ ജീവിത സമ്പത്ത് എന്ന്ആവര്‍ത്തിച്ച് പറയുന്ന നേതാവ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.