തിരുവനന്തപുരം: കര്‍ണാടകത്തില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി സിപിഎം.
അല്‍പ്പത്തവും അസംബന്ധവും നിറഞ്ഞ പ്രസ്താവനയാണ് ദേവ ഗൗഡ നടത്തിയതെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാര്‍ പറഞ്ഞു. ജെഡിഎസ് കേരള ഘടകവും ഗൗഡയുടെ പ്രസ്താവന തള്ളി.
ബിജെപിയുമായി സഖ്യമുണ്ടാക്കിയതിനെതിരേ കലാപമുയര്‍ത്തിയ സി.എം ഇബ്രാഹിമിനെ ജെഡിഎസ് കര്‍ണാണടക അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതറിയിച്ച് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ദേവ ഗൗഡയുടെ പുതിയ വെളിപ്പെടുത്തല്‍.
മുന്‍ പ്രധാനമന്ത്രിയായ ദേവ ഗൗഡയെ പോലൊരാള്‍ തന്റെ പാര്‍ട്ടിയുടെ രാഷ്ട്രീയം തീരുമാനിക്കുന്നത് മറ്റൊരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിട്ടാണെന്ന് പറയുന്നത് രാഷ്ട്രീയത്തിലെ അല്‍പ്പത്തമാണെന്ന് അനില്‍ കുമാര്‍ പറഞ്ഞു.
ജെഡിഎസിന്റെ ദേശീയ നേതൃത്വം എടുത്ത തീരുമാനത്തോട് യോജിച്ചുപോകാന്‍ കഴിയില്ലെന്ന് തങ്ങള്‍ നേരത്തെ അറിയിച്ചതാണെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയും വ്യക്തമാക്കി. ജെഡിഎസ് തീരുമാനത്തിന് പിണറായി വിജയന്‍ പിന്തുണ നല്‍കിയിട്ടില്ല. എന്തുകൊണ്ടാണ് ദേവഗൗഡ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല.
അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ ഭാഗമായി പറഞ്ഞതാകും. ബിജെപിയുമായി ഒരിക്കലും യോജിച്ച് പോകാന്‍ കഴിയില്ല. ജെഡിഎസ് കേരള ഘടകം സ്വതന്ത്രമായി നില്‍ക്കുകയാണെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
കേരളത്തില്‍ ബിജെപിയുടെ ബി ടീമാണ് സിപിഎം എന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍ വിമര്‍ശിച്ചു. ജനതാ ദളിന്റെ അഖിലേന്ത്യാ ഘടകം ബിജെപിക്ക് ഒപ്പം ചേര്‍ന്നപ്പോള്‍ തന്നെ അവരെ എല്‍ഡിഎഫ് ഒഴിവാക്കണമായിരുന്നു. കൃഷ്ണന്‍ കുട്ടിയെ ഈ മാനദണ്ഡത്തില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയില്ല. ബിജെപിയെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് സിപിഎമ്മെന്നും മുരളീധരന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.