ഗാസ: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം 13 ദിവസം പിന്നിടുമ്പോള്‍ യുദ്ധമുഖത്ത് മരിച്ചു വീണ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 21 ആയി. കൊല്ലപ്പെടുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതില്‍ ആഗോള മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് ആശങ്ക പ്രകടിപ്പിച്ചു.
2001 ന് ശേഷം ഈ മേഖലയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവത്തകരുടെ എണ്ണത്തേക്കാള്‍ അധികമാണ് 13 ദിവസത്തെ കണക്കെന്നും സംഘടന ചൂണ്ടിക്കാണിക്കുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം പലസ്തീന്‍, ഇസ്രയേല്‍, ലബനീസ് സ്വദേശികളായ മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പലസ്തീന്‍ സ്വദേശികളാണ് ഇതില്‍ അധികവും.
പ്രതിസന്ധി ഘട്ടങ്ങളില്‍ സുപ്രധാന ജോലി ചെയ്യുന്ന സാധാരക്കാരാണ് മാധ്യമ പ്രവത്തകരെന്നും അവരെ ലക്ഷ്യം വയ്ക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സിപിജെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷെരീഫ് മന്‍സൂര്‍ പറഞ്ഞു.
വളരെ വലിയ ത്യാഗങ്ങള്‍ സഹിച്ചാണ് സംഘര്‍ഷങ്ങള്‍ പോലുള്ള ഹൃദയഭേദകമായ സംഭവങ്ങള്‍ മാധ്യമ പ്രവത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ഷെരീഫ് മന്‍സൂര്‍ പറഞ്ഞു
കഴിഞ്ഞ ദിവസം തെക്കന്‍ ഗാസ മുനമ്പില്‍ നടന്ന വ്യോമാക്രമണത്തില്‍ ഫ്രീലാന്‍സ് ജേണലിസ്റ്റായ അസദ് ഷംലാഖും അദേഹത്തിന്റെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
റോയിട്ടേഴ്‌സിന്റെ വീഡിയോഗ്രാഫറായ ഇസ്സാം അബ്ദല്ല ,അല്‍-ഖംസ വാര്‍ത്താ വെബ്സൈറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സയീദ് അല്‍ തവീല്‍, ഖബര്‍ വാര്‍ത്താ ഏജന്‍സിയിലെ ഫോട്ടോഗ്രാഫറായ മുഹമ്മദ് ശോഭ്, ഏജന്‍സിയിലെ തന്നെ റിപ്പോര്‍ട്ടറായ ഹിഷാം അല്‍ന്‍വാജ എന്നിവര്‍ ജീവന്‍ നഷ്ടമായവരില്‍ പെടുന്നു.
ഹീബ്രു ഭാഷാ പത്രമായ മാരിവിന്റെ വിനോദ വാര്‍ത്താ വിഭാഗം എഡിറ്റര്‍ ഷായ് റെഗേവ്, ഇസ്രയേല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടിവി ചാനല്‍ കാന്‍ ന്യൂസ് എഡിറ്റര്‍ അയേലെറ്റ് ആര്‍നിന്‍, ഹീബ്രു ഭാഷാ ദിനപത്രമായ ഇസ്രയേല്‍ ഹയോമിന്റെ ഫോട്ടോഗ്രാഫറായ യാനിവ് സോഹര്‍ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ചില മാധ്യമ പ്രവര്‍ത്തകര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.