'അതിരുകളില്ലാത്ത സ്‌നേഹം...' മസ്തിഷ്‌ക മരണം സംഭവിച്ച മലയാളിയുടെ അവയവങ്ങള്‍ ദാനം ചെയ്തു

'അതിരുകളില്ലാത്ത സ്‌നേഹം...' മസ്തിഷ്‌ക മരണം സംഭവിച്ച മലയാളിയുടെ അവയവങ്ങള്‍ ദാനം ചെയ്തു

കോട്ടയം: സൗദിയില്‍ ഉണ്ടായ അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കാപ്പുന്തല പഴുക്കാത്തറയില്‍ ആന്‍സ് ജോര്‍ജിന്റെ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്തു. 46-കാരനായ ആന്‍സ് ഇനി നിരവധി മനുഷ്യരിലൂടെ ജീവിക്കും.

കാപ്പുന്തല പഴുക്കാത്തറയില്‍ ടി.എ ജോര്‍ജിന്റെയും ആനിയമ്മയുടെയും മകനാണ് മരിച്ച ആന്‍സ്. സഹോദരന്‍ ആല്‍ബിക്കൊപ്പം റിയാദിലെ അല്‍ഗാദില്‍ വര്‍ക്‌ഷോപ് നടത്തി വരികയായിരുന്നു. ഈ മാസം അഞ്ചിന് ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് ആന്‍സിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

റിയാദിലെ ചികിത്സയ്ക്കിടെ 14നാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സഹോദരന്‍ ആല്‍ബിയും ആശുപത്രി അധികൃതരും നാട്ടിലുള്ള ആന്‍സിന്റെ ഭാര്യ സിന്ധുവിനെയും ആന്‍സിന്റെ മാതാപിതാക്കളേയും വിവരം അറിയിച്ചു. ഇവരുടെ സമ്മതപത്രം ലഭിച്ചതോടെ ആശുപത്രി അധികൃതര്‍ ആന്‍സിന്റെ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

കടുത്തുരുത്തി കുര്യാക്കോസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ആന്‍സിന്റെ മക്കളായ സിനുവും അനുസുവും. പിതാവിന്റെ മുഴുവന്‍ അവയവങ്ങളും ദാനമായി നല്‍കാന്‍ ഇവരും അമ്മ സിന്ധുവിനൊപ്പം എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുകയായിരുന്നു. 'സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ലെന്ന്' പറഞ്ഞ സുവിശേഷത്തിന്റെ മാതൃക സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയ നന്മയുള്ള മനുഷ്യര്‍.

ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ ആന്‍സിന്റെ സഹോദരന്‍ ആല്‍ബി ജോര്‍ജ് കൂടെത്തന്നെ ഉണ്ടായിരുന്നു. മറ്റ് കാര്യങ്ങളെല്ലാം ക്രമീകരിക്കാന്‍ പാലാ രൂപതാ പ്രവാസി അസോസിയേഷന്‍ ഭാരവാഹികളായ രജിത് മാത്യൂ, ബോണി വെള്ളാപ്പള്ളി, മാത്യൂ എന്നിവര്‍ ഒപ്പം തന്നെയുണ്ടായിരുന്നു.

നാട്ടിലെ നടപടി ക്രമങ്ങള്‍ക്കായി സഹോദരന്‍ ജോയിസിനോപ്പം പാലാ രൂപത പ്രവാസി അപ്പസ്‌തോലേറ്റിലെ ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍, ഷാജിമോന്‍ മങ്കുഴിക്കരി, ഷിനോജ് മാത്യൂ കൈതമറ്റത്തില്‍ എന്നിവരും ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.