വാഷിങ്ടണ്‍: വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 26 ശതമാനം തീരുവയാണ് ഇന്ത്യക്ക് മേല്‍ ചുമത്തിയത്.
ചൈന-34 ശതമാനം, യൂറോപ്യന്‍ യൂണിയന്‍-20 ശതമാനം, ജപ്പാന്‍-24 ശതമാനം എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ നികുതി ചുമത്തിയത്. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പകരം തീരുവ പ്രഖ്യാപിച്ചത്.
വിദേശ നിര്‍മിത ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങള്‍ക്കും 25 ശതമാനം നികുതി ചുമത്തി. യു.എസ് വ്യവസായിക ശക്തിയുടെ പുനര്‍ജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും രാജ്യം ഒരിക്കല്‍ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ചു ചെയ്യും. തിരിച്ചടി തീരുവ ആ രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തും. അമേരിക്കയെ മഹത്തരമാക്കും. ജോലി അവസരങ്ങള്‍ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങള്‍ മറികടക്കും. യു.എസിന്റെ സുവര്‍ണ നാളുകള്‍ തിരിച്ചുവരും'- ട്രംപ് പറഞ്ഞു.
ചൈന 67 ശതമാനമാണ് യു.എസിനെതിരെ ഇറക്കുമതി തീരുവ ചുമത്തുന്നത്. എന്നിട്ടും 34 ശതമാനം എന്ന കുറഞ്ഞ തിരിച്ചടി തീരുവ മാത്രമാണ് യുഎസ് ചൈനയ്ക്കു മേല്‍ ചുമത്തുകയെന്നും ട്രംപ് വ്യക്തമാക്കി.
'യൂറോപ്യന്‍ യൂണിയനുമായി വളരെ സൗഹൃദമുണ്ട്. അതുകൊണ്ട് തന്നെ 20 ശതമാനം പകരം തീരുവ മാത്രം പ്രഖ്യാപിക്കുന്നു. വിയറ്റ്‌നാമികളെ എനിക്ക് ഇഷ്ടമാണ്. 46 ശതമാനം തിരിച്ചടി തീരുവയാണ് വിയറ്റ്‌നാമിനെതിരെ പ്രഖ്യാപിക്കുന്നത്. ജപ്പാന്‍കാരെ ഞാന്‍ കുറ്റം പറയില്ല. അവര്‍ക്കും 24 ശതമാനം പ്രഖ്യാപിക്കുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് എന്നെ സന്ദര്‍ശിച്ചത്. അദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാല്‍ 52 ശതമാനം തീരുവയാണ് യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ, അവര്‍ക്ക് 26 ശതമാനം എന്ന ഡിസ്‌കൗണ്ട് നിരക്കിലുള്ള തീരുവ പ്രഖ്യാപിക്കുന്നു'- ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.