ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിലേയ്ക്ക് ഇന്ത്യ അടുക്കുന്നു; ഇസ്രോയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ദൗത്യത്തിലേയ്ക്ക് ഇന്ത്യ അടുക്കുന്നു; ഇസ്രോയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇസ്രോയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗന്‍യാന്‍ വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ നിര്‍ണായക പരീക്ഷണം വിജയകരമായതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്.

ഗഗന്‍യാന്‍ വിക്ഷേപണത്തിലേക്ക് നാം ഒരു പടി കൂടി അടുത്തിരിക്കുകയാണെന്നും ഇസ്രോയിലെ ശാസ്ത്രജ്ഞര്‍ക്ക് എല്ലാവിധ ആശംസകളും നേരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തര സാഹചര്യത്തില്‍ ബഹിരാകാശ സഞ്ചാരികളെ റോക്കറ്റില്‍ നിന്നും സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ക്രൂ എസ്‌കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണമായിരുന്നു ഇന്ന് രാവിലെ നടന്നത്.

ശ്രീഹരിക്കോട്ടയില്‍ നിന്നും നടത്തിയ വിക്ഷേപണത്തിന് പിന്നാലെ (ടിവി ഡി1 ടെസ്റ്റ് ഫ്ളൈറ്റ്) ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ച പേടകം നാവികസേന വീണ്ടെടുത്തു. ഇത് വൈകാതെ ചെന്നൈയിലേക്ക് എത്തിക്കും.

അതേസമയം കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് പരീക്ഷണ സമയം ആദ്യം മാറ്റിയിരുന്നു. തുടര്‍ന്ന് കുറച്ചുസമയത്തിന് ശേഷം വിക്ഷേപണത്തിനായി കൗണ്ട്ഡൗണ്‍ ആരംഭിച്ചെങ്കിലും ഓട്ടോമാറ്റിക് സംവിധാനം തകരാര്‍ കണ്ടെത്തുകയും അഞ്ച് സെക്കന്‍ഡ് മുമ്പ് ദൗത്യം നിര്‍ത്തിവെക്കുകയും ചെയ്തു. ശേഷം തകരാര്‍ അതിവേഗം പരിഹരിച്ച് ഒരു മണിക്കൂറിനുള്ളില്‍ വിക്ഷേപണം പൂര്‍ത്തിയാക്കി. പ്രതികൂല സാഹചര്യം ഉണ്ടായാല്‍ അതിവേഗത്തില്‍ മറികടക്കാന്‍ സാധിക്കുമെന്ന് ഇസ്രോ ടീം തെളിയിച്ചതായി എസ്. സോമനാഥ് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.