വീണയുടെ സ്ഥാപനം നികുതി അടച്ചെന്ന് ജിഎസ്ടി വകുപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും

 വീണയുടെ സ്ഥാപനം നികുതി അടച്ചെന്ന് ജിഎസ്ടി വകുപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുടെ സ്ഥാപനം ഐജിഎസ്ടി അടച്ചതായി നികുതി വകുപ്പ്. വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷന്‍സ് സിഎംആര്‍എല്ലിന് നല്‍കിയ സേവനത്തിന് ലഭിച്ച തുകയായ 1.72 കോടി രൂപയ്ക്ക് ഐജിഎസ്ടി അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ജിഎസ്ടി വകുപ്പ് കമ്മിഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് നികുതി സെക്രട്ടറി ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് കൈമാറിയെന്നും ഇത് മുഖ്യമന്ത്രിയ്ക്ക് കൈമാറുമെന്നും വിവരമുണ്ട്. എക്സാലോജിക് ബംഗളൂരുവിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ കര്‍ണാടകയിലും കേരളത്തിലുമായിട്ടാണ് നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വീണ ഐജിഎസ്ടി അടച്ചതിന് രേഖകളുണ്ടെന്ന് മന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, എക്സാലോജിക് സിഎംആര്‍എല്ലിന് നല്‍കിയ സേവനത്തിന് ലഭിച്ച തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തില്‍ നിന്ന് ജിഎസ്ടി വകുപ്പ് ഒഴിഞ്ഞ് മാറിയിരുന്നു. വ്യക്തികളുടെ സ്വകാര്യത മാനിച്ച് മറുപടി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു ചോദ്യത്തിന് ജിഎസ്ടി വകുപ്പ് നല്‍കിയ മറുപടി. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8(1) പ്രകാരം വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്ന വിവരങ്ങള്‍ കൈമാറാനാകില്ലെന്നാണ് ജിഎസ്ടി വകുപ്പ് പറഞ്ഞത്. നികുതിദായകന്‍ വകുപ്പിന് നല്‍കുന്ന വിവരങ്ങള്‍ സ്വകാര്യമാണെന്നും ഭൂരിപക്ഷ താത്പര്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി രൂപയാണ് വീണയ്ക്ക് ലഭിച്ചതെന്നാണ് കണ്ടെത്തല്‍. വീണയും എക്സാലോജിക്കും ഐടി, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ നല്‍കാമെന്ന് സിഎംആര്‍ എല്ലുമായി കരാറുണ്ടാക്കിയിരുന്നു. കരാര്‍ പ്രകാരം മാസം തോറും പണം നല്‍കിയെന്നും എന്നാല്‍ സേവനങ്ങളൊന്നും വീണയുടെ കമ്പനി നല്‍കിയില്ലെന്നുമാണ് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്എന്‍ ശശിധരന്‍ കര്‍ത്താ ആദായനികുതി വകുപ്പിന് മൊഴി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.