തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് നിശ്ചലമാകുന്നു.
വീടില്ലാത്ത പാവങ്ങള്‍ക്ക് വീട് വച്ച് നല്‍കുന്ന ലൈഫ് പദ്ധതി സംസ്ഥാനത്ത് ഏറെക്കുറെ നിലച്ചമട്ടാണ്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈഫ പദ്ധതിയുടെ ഭാഗമായുള്ള വീടുകളുടെ പണി ഇപ്പോള്‍ നടക്കുന്നില്ല. വീട് പണി തുടങ്ങിവച്ചവരെല്ലാം തുടര്‍ ഫണ്ട് കിട്ടാത്ത അവസ്ഥയിലാണ്.
തറ പണിയും മുമ്പ് കിട്ടേണ്ട പണം പോലും പലര്‍ക്കും കിട്ടിയിട്ടില്ല. തറ കെട്ടിക്കയറും മുന്‍പ് 40,000 രൂപ, തറ നിര്‍മിച്ച് കഴിഞ്ഞാലുടന്‍ 1,60,000 രൂപ, ഭിത്തി നിര്‍മ്മാണത്തിന് ശേഷം ഒരു ലക്ഷം, അവസാന ഗഡുവായി ഒരു ലക്ഷം രൂപ എന്നിങ്ങനെ നാല് ഗഡുവായാണ് ലൈഫ് പദ്ധതിയില്‍ പെടുത്തി വീട് പണിയാന്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത്. ഇടതടവില്ലാതെ പണമെത്തിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പല പഞ്ചായത്തുകളിലും പണി മുടങ്ങിയ മട്ടാണ്.
പലരും ഇപ്പോള്‍ പലിശക്ക് പണം എടുത്താണ് വീടുകള്‍ പണിയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം ആദ്യത്തെ ഗഡുപോലും നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. സര്‍ക്കാര്‍ വിഹിതത്തിന് പുറമെ രണ്ട് ഗഡുക്കളായി നല്‍കേണ്ട 2,20,000 രൂപാ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തണം. വായ്പയായി സ്വരൂപിക്കുന്ന തുകയില്‍ പലിശ മാത്രമാണ് സര്‍ക്കാര്‍ നല്‍കുക. ബാക്കി തുക തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചടക്കുകയും വേണം.
ഓഗസ്റ്റ് ഒന്ന് വരെയുള്ള സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് 1,17,762 വീടുകളും 25 പാര്‍പ്പിട സമുച്ഛയങ്ങളുമാണ് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ഹഡ്കോയില്‍ നിന്നുള്ള വായ്പ മുടങ്ങിയതോടെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ കിട്ടാനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ എട്ടംഗ സമിതി ഉണ്ടാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.