കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നത: എസ്.പി 'ഇന്ത്യ' മുന്നണിയില്‍ നിന്ന് പിന്മാറുന്നുവോ? ചര്‍ച്ചയായി അഖിലേഷ് യാദവിന്റെ പോസ്റ്റ്

കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നത: എസ്.പി 'ഇന്ത്യ' മുന്നണിയില്‍ നിന്ന് പിന്മാറുന്നുവോ? ചര്‍ച്ചയായി അഖിലേഷ് യാദവിന്റെ പോസ്റ്റ്

ഭോപ്പാല്‍: മധ്യപ്രദേശിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായി തര്‍ക്കങ്ങള്‍ ഉടലെടുത്തതിന് പിന്നാലെ 'ഇന്ത്യ' സഖ്യത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് സംശയമുണര്‍ത്തുന്ന പോസ്റ്റുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

സാമൂഹ്യ മാധ്യമമായ എക്സില്‍ അഖിലേഷ് യാദവ് ഇന്ന് പങ്കുവച്ച പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 'പിന്നാക്ക, ദളിത്, ന്യൂനപക്ഷ' (പിഡിഎ) വിപ്ലവമുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. 'ഇന്ത്യ' സഖ്യത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ലാതെയുള്ള പോസ്റ്റാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് മണ്ഡലങ്ങളില്‍ എസ്.പി സ്ഥാനാര്‍ത്ഥികളെ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ലെന്ന് അഖിലേഷ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യ സഖ്യത്തിലെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിലും വിള്ളല്‍ വീണിരുന്നു.

നിലവില്‍ മധ്യപ്രദേശിലെ 18 മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേരത്തെ ബിജെപിയെ നേരിടാന്‍ എസ്.പി ഉയര്‍ത്തിയ 'പിഡിഎ രാഷ്ട്രീയം' ജയിക്കുമെന്ന പ്രഖ്യാപനവുമായി അഖിലേഷ് രംഗത്തെത്തുന്നത്.

ശരീരത്തില്‍ പാര്‍ട്ടി പതാകയുടെ നിറമടിച്ച എസ്.പി പ്രവര്‍ത്തകന്റെ പിറകില്‍ 'മിഷന്‍ 2024. നേതാജി (മുലായം സിങ് യാദവ്) അനശ്വരനായി തുടരട്ടെ, പിഡിഎ അഖിലേഷ് യാദവിന്റെ വിജയം ഉറപ്പാക്കും, പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നുവെന്ന് അഖിലേഷും ഉറപ്പാക്കും' എന്നെഴുതിയിരിക്കുന്ന ചിത്രമായിരുന്നു എക്സില്‍ പങ്കുവച്ചത്. ഒപ്പം '2024 ലെ തിരഞ്ഞെടുപ്പില്‍ പിഡിഎയുടെ വിപ്ലവമായിരിക്കുമെന്ന തലക്കെട്ടും' പോസ്റ്റിനൊപ്പമുണ്ടായിരുന്നു

മധ്യപ്രദേശിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് ശേഷം മറ്റ് പാര്‍ട്ടികളെ വിഡ്ഢികളാക്കുകയാണെന്ന് അഖിലേഷ് വ്യാഴാഴ്ച ആരോപിച്ചിരുന്നു. സംസ്ഥാന തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് അറിയാമായിരുന്നെങ്കില്‍, 'ഇന്ത്യ' സഖ്യത്തിനൊപ്പം നില്‍ക്കിലായിരുന്നു എന്ന സൂചന പോലും അഖിലേഷ് നല്‍കിയിരുന്നു.

കോണ്‍ഗ്രസ് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ ആരാണ് അവര്‍ക്കൊപ്പം നില്‍ക്കുക എന്നും അദേഹം ചോദിച്ചിരുന്നു. കൂടാതെ സമാജ്വാദി പാര്‍ട്ടിയെ കോണ്‍ഗ്രസ് ഒറ്റിക്കൊടുക്കരുതെന്നും സഖ്യം വേണോ വേണ്ടയോ എന്ന് വ്യക്തമാക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇന്ത്യ സഖ്യം പ്രവര്‍ത്തിക്കുന്നത് കേന്ദ്ര തലത്തിലാണെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിലാകും ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നുമുള്ള നിലപാടിലാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഘടകം.

230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 17 നാണ് നടക്കുക. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനം എന്തു വിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ബിജെപിയിലും കോണ്‍ഗ്രസിലും സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാണ്. കോണ്‍ഗ്രസ് 229 ഉം ബിജെപി 228 ഉം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.