ഷമിക്ക് അഞ്ച് വിക്കറ്റ്; സെഞ്ചുറിയടിച്ച് ഡാരില്‍ മിച്ചെല്‍: ഇന്ത്യയ്ക്ക് 274 റണ്‍സ് വിജയ ലക്ഷ്യം

ഷമിക്ക് അഞ്ച് വിക്കറ്റ്; സെഞ്ചുറിയടിച്ച് ഡാരില്‍ മിച്ചെല്‍: ഇന്ത്യയ്ക്ക് 274 റണ്‍സ് വിജയ ലക്ഷ്യം

ധരംശാല: ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ 274 റണ്‍സ് നേടി ന്യൂസിലന്‍ഡ്. ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയും രചിന്‍ രവീന്ദ്ര നേടിയ അര്‍ധ സെഞ്ച്വറിയുമാണ് കിവികള്‍ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറില്‍ 273 ന് എല്ലാവരും പുറത്തായി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഈ ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ താരം മികച്ച ബൗളിങുമായി കളം നിറഞ്ഞു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ന്യൂസിലന്‍ഡിനെ മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്ര- ഡാരില്‍ മിച്ചല്‍ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുയര്‍ത്തി. മൂന്നാം വിക്കറ്റില്‍ മിച്ചല്‍- രചിന്‍ സഖ്യം 159 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി.

ഡാരില്‍ മിച്ചല്‍ 100 പന്തില്‍ ശതകം പിന്നിട്ടു. ഒന്‍പത് ഫോറും അഞ്ച് സിക്സും സഹിതം മിച്ചല്‍ 130 റണ്‍സെടുത്തു മടങ്ങി. താരത്തിന്റെ അഞ്ചാം ഏകദിന സെഞ്ച്വറിയാണിത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്.

മൂന്നാം വിക്കറ്റായി മടങ്ങിയ രചിന്‍ രവീന്ദ്ര 75 റണ്‍സെടുത്തു. താരം ആറ് ഫോറും ഒരു സിക്സും പറത്തി. രചിന്‍ രവീന്ദ്രയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്.

കിവി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ആദ്യം പുറത്തായത്. ഒന്‍പത് പന്തുകള്‍ നേരിട്ട് സംപൂജ്യനായി കോണ്‍വെ മടങ്ങി. സിറാജിനാണ് വിക്കറ്റ്. പിന്നാലെ സഹ ഓപ്പണര്‍ വില്‍ യങ് 17 റണ്‍സുമായും മടങ്ങി. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി വിക്കറ്റ് വീഴ്ത്തി.

രചിന്‍ രവീന്ദ്രയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ടോം ലാതത്തിനു അധികം ആയുസുണ്ടായില്ല. കുല്‍ദീപ് യാദവ് കിവി നായകനെ അഞ്ച് റണ്‍സില്‍ പുറത്താക്കി. 23 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സാണ് അഞ്ചാമനായി മടങ്ങിയത്. താരത്തെയും കുല്‍ദീപ് തന്നെ മടക്കി.

പിന്നീട് ക്ഷണത്തിലാണ് ന്യൂസിലന്‍ഡിന്റെ മൂന്ന് വിക്കറ്റുകള്‍ കൊഴിഞ്ഞത്. മാര്‍ക് ചാപ്മാന്‍ (6), മിച്ചല്‍ സാന്റ്നര്‍ (1), മാറ്റ് ഹെന്റി (0) എന്നിവര്‍ അതിവേഗം മടങ്ങി. ചാപ്മാനെ ബുമ്ര പുറത്താക്കിയപ്പോള്‍ ഷമി തുടരെ രണ്ട് പന്തുകളില്‍ സാന്റ്നറേയും ഹെന്റിയേയും മടക്കി. ഇന്നിങ്‌സിലെ അവസാന പന്തില്‍ ലോക്കി ഫെര്‍ഗൂസനെ റണ്ണൗട്ടാക്കി കിവി ഇന്നിങ്‌സിന് ഇന്ത്യ വിരാമമിട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.