വ്യോമ പ്രതിരോധ സംവിധാനമുള്‍പ്പടെ ഇസ്രയേലിന് കൂടുതല്‍ സൈനിക സഹായം എത്തിച്ചു നല്‍കി അമേരിക്ക.
ടെല്‍ അവീവ്: സിറിയയിലെ രണ്ട് വിമാനത്താവളങ്ങില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. ദമാസ്‌കസിലെയും അലെപ്പോയിലെയും വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ രണ്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ദമാസ്‌കസ് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.
സിറിയയില്‍ നിന്നുയരുന്ന നിരന്തര ഭീഷണികള്‍ക്കുള്ള മുന്നറിയിപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആക്രമണത്തില്‍ വിമാനത്താവളത്തിന്റെ റണ്‍വേ തകര്‍ന്നതോടെ സര്‍വീസ് നിര്‍ത്തിവെച്ചതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി ദി സന റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 12 നും ഇസ്രയേല്‍ ഇരു വിമാനത്താവളങ്ങളും ആക്രമിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച അലെപ്പോയില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. നിലവില്‍ തുറമുഖ നഗരമായ ലടാകിയയിലെ വിമാനത്താവളത്തിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിടുന്നതെന്ന് സിറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.
സിറിയയ്ക്കു പുറമേ ലെബനനിലും ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. ഇന്നലെ ലെബനന്‍ അതിര്‍ത്തിയില്‍ ഇരു സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ലെബനന്‍ അതിര്‍ത്തിക്കുള്ളില്‍ ഹിസ്ബുള്ള താവളങ്ങളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറു പേരെ വധിച്ചതായി ഇസ്രയേലി വ്യോമസേന അവകാശപ്പെട്ടു.
അതിനിടെ വ്യോമ പ്രതിരോധ സംവിധാനമുള്‍പ്പടെ അമേരിക്ക ഇസ്രയേലിന് കൂടുതല്‍ സൈനിക സഹായം എത്തിച്ചു നല്‍കി. കരയില്‍ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന പാട്രിയോട്ട് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനമാണ് അമേരിക്ക ഇസ്രയേലിന് നല്‍കിയത്. നേരത്തെ രണ്ടു വിമാനവാഹിനി കപ്പലുകള്‍ അമേരിക്ക ഇസ്രയേല്‍ തീരത്ത് വിന്യസിച്ചിരുന്നു.
ഇസ്രയേലിന് കൂടുതല്‍ സാമ്പത്തിക സഹായം വരുന്ന ദിവസങ്ങള്‍ നല്‍കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇടപെടരുതെന്ന് ലെബനന്‍ പ്രധാനമന്ത്രിക്ക് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. അനാവശ്യ ഇടപെടലുകള്‍ ലെബനന്‍ ജനതയ്ക്ക് ദോഷമാകുമെന്നും മുന്നറിയിപ്പില്‍ ബ്ലിങ്കന്‍ വ്യക്തമാക്കി.
അതേസമയം ഗാസയില്‍ മൂന്ന് ലക്ഷ്യങ്ങളുമായാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നതെന്ന് എന്‍.ഡി ടിവി റിപ്പോര്‍ച്ച് ചെയ്തു. ആദ്യ ഘട്ടം ഹമാസിന്റെ സൈനിക ശേഷി തകര്‍ക്കുക എന്നതാണ്. അടുത്തത് ഹമാസ് ഭരണം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കുക. നഗരത്തില്‍ ഒരു പുതിയ 'സുരക്ഷാ ഭരണകൂടം' സൃഷ്ടിക്കപ്പെടുമ്പോള്‍ ഇസ്രയേല്‍ ഗാസയില്‍ നിന്ന് പിന്മാറുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.