വിശ്വാസവും ദൈനംദിന ജീവിതവും തമ്മിൽ ബന്ധമില്ല എന്ന ധാരണ പ്രലോഭനമാണ്: മുന്നറിയിപ്പുമായി ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ

വിശ്വാസവും ദൈനംദിന ജീവിതവും തമ്മിൽ ബന്ധമില്ല എന്ന ധാരണ പ്രലോഭനമാണ്: മുന്നറിയിപ്പുമായി ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ

ജോസ്‌വിൻ കാട്ടൂർ

വത്തിക്കാൻ സിറ്റി: വിശ്വാസവും ദൈനംദിന ജീവിതവും പരസ്പരം ബന്ധമില്ലാത്ത രണ്ടു വ്യത്യസ്ത കാര്യങ്ങളാണെന്ന് ചിന്തിക്കാനുള്ള പ്രലോഭനത്തിനെതിരെ മുന്നറിയിപ്പു നൽകി ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ചത്തെ ത്രികാലജപ പ്രാർത്ഥനയ്ക്കായി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് സ്ക്വയറിൽ ഒന്നിച്ചുകൂടിയ വിശ്വാസികൾക്ക് വചന സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. നാം പൂർണ്ണമായും കർത്താവിനുള്ളവരാണെന്നും ഈ ലോകത്തിലെ ഒരു ശക്തിക്കും അടിമകളാകേണ്ടവരെല്ലെന്നും പാപ്പ എടുത്തുപറഞ്ഞു.

മത്തായിയുടെ സുവിശേഷത്തിൽ, ഫരിസേയരും ഹേറോദേസ് പക്ഷക്കാരും ഒരുമിച്ചെത്തി യേശുവിനെ വാക്കിൽ കുടുക്കാൻ ശ്രമിക്കുന്ന വചനഭാഗമാണ് (മത്തായി 22:15-22) പാപ്പാ വ്യാഖ്യാനിച്ചത്. 'സീസറിന് നികുതി കൊടുക്കുന്നത് നിയമാനുസൃതമാണോ അല്ലയോ?' - അവർ യേശുവിനോട് ചോദിച്ചു. അത് അവരുടെ ഒരു കുതന്ത്രമായിരുന്നു.
യേശു സീസറിനുള്ള നികുതിക്ക് നിയമസാധുത നൽകിയാൽ, അല്പംപോലും ജനപിന്തുണയില്ലാത്ത ഒരു രാഷ്ട്രീയാധികാരിയുമായി അവൻ പക്ഷം ചേർന്നതായി അവർക്ക് ആരോപിക്കാം. മറിച്ചായാലോ, സീസറിനെതിരെ കലാപാഹ്വാനം നടത്തിയെന്ന കുറ്റം അവന്റെമേൽ ആരോപിക്കാൻ അവർക്കു സാധിക്കും.

എന്നാൽ, ഒരു നാണയം കാണിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ ഒരുക്കിയ കെണിയിൽ നിന്നും യേശു രക്ഷപെടുന്നതിനെ മാർപാപ്പ അനുസ്മരിച്ചു. അതിൽ മുദ്രിതമായിരുന്ന രൂപവും ലിഖിതവും ആരുടേതാണെന്ന് യേശു അവരോടു ചോദിച്ചു. 'സീസറിന്റേത്' എന്നുള്ള അവരുടെ മറുപടിയെതുടർന്ന്, അവൻ അവരോട് പറഞ്ഞു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക. 'ഇതുകൊണ്ട് എന്താണ് യേശു അർത്ഥമാക്കുന്നത്?' - പരിശുദ്ധ പിതാവ് എല്ലാവരോടുമായി ചോദിച്ചു.

വിശ്വാസവും ദൈനംദിന ജീവിതവും വെവ്വേറെ കാണരുത്

സഭയും രാഷ്ട്രവും തമ്മിലും, ക്രിസ്ത്യാനികളും രാഷ്ട്രീയവും തമ്മിലും ഉള്ള ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാൻ ചിലപ്പോഴൊക്കെ യേശുവിന്റെ ഈ വാക്കുകൾ ഉപയോഗിക്കപ്പെടാറുണ്ട്. സീസറിനെയും ദൈവത്തെയും വേർതിരിച്ചു കാണാൻ, അതായത്, ഭൗമികവും ആത്മീയവുമായ യാഥാർത്ഥ്യങ്ങളെ തമ്മിൽ വേർതിരിച്ചു കാണാൻ യേശു ആഗ്രഹിക്കുന്നതായി വ്യാഖ്യാനിക്കപ്പെടാറുണ്ട്.

ചിലപ്പോൾ നാമും ഈ വിധത്തിൽ ചിന്തിക്കാറുണ്ട്. വിശ്വാസവും അതിന്റെ ആചാരങ്ങളും ഒരു കാര്യമാണ്, നമ്മുടെ അനുദിന ജീവിതം മറ്റൊന്നും. എന്നാൽ, വിശ്വാസത്തിന് ജീവിതയാഥാർത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ല എന്ന ചിന്ത ഒരുതരം ചിത്തഭ്രമമാണെന്ന് പാപ്പ പറഞ്ഞു. വാസ്തവത്തിൽ, യേശു ആഗ്രഹിക്കുന്നത്, 'സീസറിനും ദൈവത്തിനും' നമ്മുടെ ജീവിതത്തിൽ കൊടുക്കേണ്ട സ്ഥാനങ്ങൾ കൊടുക്കണമെന്നാണ് - പാപ്പാ ചൂണ്ടിക്കാട്ടി.

നാം കർത്താവിന്റേതാണ്

മനുഷ്യനും അവനിലുള്ളതു മുഴുവനും ദൈവത്തിന്റേതാണ്, അതുപോലെതന്നെ എല്ലാ മനുഷ്യരും. ഈ അടിസ്ഥാന യാഥാർത്ഥ്യത്തെക്കുറിച്ചാണ് യേശു ഇവിടെ ഉറപ്പിച്ചുപറയുന്നത്. അതായത്, ഏതെങ്കിലും ഭൗതിക യാഥാർത്ഥ്യത്തിനോ അഥവാ ലൗകിക 'സീസറിനോ' നാം കീഴ്പെട്ടവരല്ല. നാം കർത്താവിന്റേതാണ്, ഏതെങ്കിലും ഭൗതിക ശക്തികൾക്ക് നാം അടിമകളായിരിക്കാൻ പാടില്ല - പാപ്പ ആവർത്തിച്ചു.

നാണയത്തിൽ കൊത്തിവച്ചിരിക്കുന്നത്ച ക്രവർത്തിയുടെ രൂപമായിരിക്കാം. എന്നാൽ നമ്മിൽ മുദ്രണം ചെയ്തിരിക്കുന്നത് ദൈവത്തിന്റെ രൂപമാണ്, ഈ കാര്യം നാം എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കണം. അത് മറയ്ക്കുവാനോ മായിക്കുവാനോ ആർക്കും, ഒന്നിനും സാധിക്കില്ല - പരിശുദ്ധ പിതാവ് പറഞ്ഞു.

വിചിന്തനത്തിനുള്ള ചോദ്യങ്ങൾ

ഈ ലോകത്തിന്റെ വസ്തുക്കൾ ഒരുപക്ഷേ സീസറിന്റേതായിരിക്കാം. എന്നാൽ മനുഷ്യനും, ഈ ലോകം തന്നെയും ദൈവത്തിനുള്ളതാണ്. ഇത് എപ്പോഴും ഓർമിക്കണമെന്ന് പാപ്പ പറഞ്ഞു. നമുക്കു നഷ്ടപ്പെട്ട നമ്മുടെ വ്യക്തിത്വം യേശു പുനഃസ്ഥാപിച്ചു തരുന്നു. ഈ കാര്യം നാം വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ അതോ, വ്യക്തിപരമായ ചില കാപട്യങ്ങളെ ഇനിയും മറികടക്കേണ്ടതായിട്ടുണ്ടോ? ആരുടെ ഛായയാണ് എൻ്റെ ഉള്ളിൽ ഞാൻ വഹിക്കുന്നത്?

എന്റെ ജീവിതത്തിന്റെ പ്രതിച്ഛായ ആരുടേതാണ്? ഞാൻ കർത്താവിനുള്ളവനാണെന്ന് സദാ ഓർമ്മിക്കാറുണ്ടോ? അതോ, ജോലി, രാഷ്ട്രീയം, പണം മുതലായ വിഗ്രഹങ്ങളെ ആണോ ഞാൻ ആരാധിക്കുന്നത്? നമ്മുടെയും മറ്റുള്ളവരുടെയും മാന്യതയും അന്തസ്സും അംഗീകരിക്കാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.