വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യൻ യുദ്ധം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി ഫ്രാൻസിസ് മാർപ്പാപ്പ. ആക്രമണം ഉടൻ നിർത്തണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർപ്പാപ്പ അമേരിക്കൻ പ്രസിഡന്റുമായി 20 മിനിറ്റോളം ചർച്ച നടത്തിയത്. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതിനെക്കുറിച്ചും മാർപ്പാപ്പ ചർച്ച ചെയ്തു
ഇസ്രായേൽ പൗരന്മാർക്ക് നേരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണത്തെ പ്രസിഡന്റ് അപലപിക്കുകയും ഗാസയിലെ സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സ്ഥിരീകരിക്കുകയും ചെയ്തെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച ബെഡൻ നടത്തിയ ഇസ്രയേൽ യാത്രയെക്കുറിച്ചും മേഖലയിലെ മാനുഷിക സഹായത്തിനായുള്ള അദേഹത്തിന്റെ ശ്രമങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. മേഖലയിലെ സംഘർഷം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മിഡിൽ ഈസ്റ്റിൽ സുസ്ഥിരമായ സമാധാനത്തിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാർപ്പാപ്പയും പ്രസിഡന്റും ചർച്ച ചെയ്തു.
റോമിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പരമ്പരാഗത ആഞ്ചലസ് പ്രാർത്ഥനയ്ക്ക് ശേഷം യുദ്ധം നിർത്താൻ മാർപ്പാപ്പ അഭ്യർത്ഥിച്ചു. ഗാസ മുനമ്പിലേക്ക് കൂടുതൽ സഹായം അനുവദിക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. ‘യുദ്ധം എല്ലായ്പ്പോഴും പരാജയമാണ്, അത് മനുഷ്യർക്കിടയിലെ സഹോദര്യത്തെ നഷ്ടമാക്കുന്നു, സഹോദരന്മാരെ നിർത്തൂ, നിർത്തൂ…’ എന്നായിരുന്നു മാർപ്പാപ്പയുടെ വാക്കുകൾ.
അതേസമയം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഉന്നത ലോകനേതാക്കൾ വിവിധ ചർച്ചകൾക്കായി ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോൺ ഇന്ന് ഇസ്രയേലിലെത്തുമെന്നാണ് റിപ്പോർട്ട്. ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടെയും ഇസ്രയേലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26