കോട്ടയം: അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അധ്യാപകന്‍, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍ മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം.
നവഭാരത സൃഷ്ടിക്കായി സാമുഹ്യ തിന്മകള്‍ക്കെതിരെ നിരന്തരം നടത്തിയ അചഞ്ചലമായ പോരാട്ടം. 80ന്റെ നിറവിലും പ്രായത്തെ വെല്ലുവിളിച്ച് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇന്നും സമൂഹത്തിന്റെ സമഗ്ര തലങ്ങളിലും സജീവ സാന്നിധ്യമാണ് ഡോ.സിറിയക് തോമസ്.
വാക്കുകളിലും വരകളിലുമൊതുങ്ങാത്ത സമാനതകളില്ലാത്ത ജീവിത ശൈലിയുമായി ശിഷ്യഗണങ്ങളെയും സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച് ദൈവം ദാനമായ നല്‍കിയ എണ്‍പതാം വര്‍ഷത്തിന്റെ പടികള്‍ ചവിട്ടുമ്പോള്‍ എല്ലാം ദൈവത്തിന്റെ കരുണയും അനുഗ്രഹവുമെന്ന് തുറന്നുപറഞ്ഞ് നന്ദിയോടെ ആശ്വസിക്കുകയാണദ്ദേഹം.
1943 ഒക്ടോബര്‍ 24ന് സ്വാതന്ത്ര്യ സമരസേനാനിയും, തിരു-കൊച്ചി നിയമസഭാധ്യക്ഷനുമായിരുന്ന ആര്‍.വി.തോമസിന്റെയും സ്വാതന്ത്ര്യ സമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകയുമായ ഏലിക്കുട്ടി തോമസിന്റെയും മകനായി ജനിച്ച ഡോ.സിറിയക് തോമസ് 31 വര്‍ഷം പാലാ സെന്റ് തോമസ് കോളജില്‍ അദ്ധ്യാപകനായിരുന്നു.
1998 ല്‍ കേരള സര്‍വ്വകലാശാല പ്രോ-വൈസ് ചാന്‍സലറായി. തുടര്‍ന്ന് ആക്ടിംഗ് വൈസ് ചാന്‍സലര്‍, 2000 ല്‍ എം.ജി.യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍, രണ്ട് തവണകളിലായി ഒന്നര വര്‍ഷക്കാലം കൊച്ചി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ എന്നീ പദവികളലങ്കരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഊടും പാവും നല്‍കി മികവുറ്റതാക്കാന്‍ അദേഹത്തിനായി.
സ്വാശ്രയ കോളജ് സംബന്ധിച്ചുള്ള തര്‍ക്കങ്ങളില്‍ സമവായ ശ്രമങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയതും പ്രത്യേകം സ്മരിക്കേണ്ടതാണ്. ഇന്റര്‍ യൂണിവേഴ്‌സിറ്റി കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി, സ്വകാര്യ സര്‍വ്വകലാശാലകളുടെ സാധ്യതയെപ്പറ്റി പഠിച്ച സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ പദവികളിലും ശോഭിച്ച ഡോ.സിറിയക് തോമസ് വിദ്യാഭ്യാസത്തെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കലാലയ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ഒതുക്കാതെ പൊതുസമൂഹവും സാമൂഹ്യ വിഷയങ്ങളുമായി ബന്ധിപ്പിച്ചു നിര്‍ത്തണമെന്ന നിലപാടാണ് എക്കാലവും സ്വീകരിച്ചിട്ടുള്ളതും തന്റെ പ്രവര്‍ത്തനമേഖലകളില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതും.
അമൂല്യ രചനകള്‍
ബിഷപ് വയലില്‍ ഒരു കാലഘട്ടത്തിന്റെ കഥ, സ്വാതന്ത്ര്യത്തിന്റെ അടിമത്വം, ഈസ്റ്ററിന്റെ സുവിശേഷം, മദര്‍ ആന്റ് സിസ്റ്റര്‍, മുറിവേറ്റ സിംഹങ്ങള്‍, ചിരിയുടെ വലിയ മെത്രാപ്പോലീത്ത, ആത്മീയതയുടെ പാഠപുസ്തകം, ഡല്‍ഹി ഡയറി, ഭൂമിയിലെ നക്ഷത്രങ്ങള്‍, കിരീടം തൊടാത്ത നേതാവ്, തുടങ്ങിയ അദ്ദേഹത്തിന്റെ ഒട്ടേറെ രചനകള്‍ അമൂല്യങ്ങളും ചരിത്രസത്യങ്ങളും ആനുകാലിക സംഭവങ്ങളും വിഷയങ്ങളും പ്രതിപാദിക്കുന്നതിനോടൊപ്പം എട്ടുപതിറ്റാണ്ടുകളിലെ ജീവിതയാത്രയിലെ അനുഭവ സമ്പത്ത് ഹൃദയത്തില്‍ തൊട്ട് അക്ഷരങ്ങളിലൂടെ പങ്കുവയ്ക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ അടിമത്തം എന്ന ഗ്രന്ഥത്തിലൂടെ സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്ണ സ്മരണകളും കഷ്ടപ്പാടുകളും നഷ്ടപ്പെടലുകളും നൊമ്പരങ്ങളും വിവരിക്കുന്നതിനോടൊപ്പം ഇന്നത്തെ അധികാര ആര്‍ഭാട ധൂര്‍ത്ത് രാഷ്ട്രീയത്തിനെതിരെ ശക്തമായി വിരല്‍ ചൂണ്ടുന്നു.
അധ്യാപകന്‍, പ്രഭാഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, ഗാന്ധിയന്‍, ഗ്രന്ഥകാരന്‍, സഭാ സമുദായ സ്‌നേഹി എന്നിങ്ങനെ വിവിധ മേഖലകളിലെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഡോ.സിറിയക് തോമസിനെ പൊതുസമൂഹത്തില്‍ ഉയരങ്ങളിലെത്തിക്കുന്നുവെങ്കിലും ജീവിത ലാളിത്യവും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഹൃദയ വിശുദ്ധിയും, നന്മകളും, ഹൃദയസ്പര്‍ശിയായ സമീപനങ്ങളും കൂടുതല്‍ ആദരണീയനാക്കുന്നു.
സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ശബ്ദം
സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി, കേരള മദ്യ നിരോധന സമിതി എന്നിവയുടെ നേതൃത്വത്തിലിരുന്ന് മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരള സമൂഹത്തില്‍ അദേഹമുയര്‍ത്തിയ ശബ്ദം ഇന്നും മുഴങ്ങുന്നു. അക്രമങ്ങള്‍ക്കും ഭീകരവാദത്തിനും രാഷ്ട്രീയ അഴിമതിക്കും ധൂര്‍ത്തിനും സാംസ്‌കാരിക അധപതനത്തിനുമെതിരെ ഡോ. സിറിയക് തോമസിന്റെ ചിന്തയിലും നേതൃത്വത്തിലും 1981 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ രൂപംകൊണ്ട അക്രമരഹിത സാംസ്‌കാരിക വേദിക്ക് കോട്ടയം തിരുനക്കര മൈതാനിയില്‍ തുടക്കം കുറിച്ചത് ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി ആയിരുന്നു.
വിദ്യാഭ്യാസ വിദഗ്ദ്ധരും, സാമൂഹ്യ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരുമായിരുന്ന ഡി.സി കിഴക്കേമുറി, ആര്‍.എം. മനയ്ക്കലത്ത്, കെ.ഇ.മാമ്മന്‍ എന്നിവരോടൊപ്പം ഡോ.സിറിയക് തോമസ് നേതൃത്വം നല്‍കിയ അക്രമരഹിത സാംസ്‌കാരിക വേദിയാണ് പിന്നീട് ഡോ. സുകുമാര്‍ അഴീക്കോടിന്റെ നേതൃത്വത്തില്‍ നവഭാരത വേദിയായി സംസ്ഥാനത്തുടനീളം ആയിരങ്ങള്‍ക്ക് ആവേശമേകി സാമുഹ്യതിന്മകള്‍ക്കും രാഷ്ട്രീയ അധപതനത്തിനും അഴിമതിക്കുമെതിരെ ആഞ്ഞടിച്ചത്. നവഭാരതവേദി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും ചിന്തകളും കാഴ്ചപ്പാടുകളും ഇന്നും വളരെയേറെ പ്രസക്തമാണ്.
സഭാ സ്‌നേഹി
സഭാസംവിധാനങ്ങളോട് ചേര്‍ന്നുനിന്ന് അടിയുറച്ച വിശ്വാസ സാക്ഷ്യമായ ഡോ.സിറിയക് തോമസിന്റെ സഭാ സാമുദായിക സേവന ശുശ്രൂഷകള്‍ സ്മരിക്കപ്പെടേണ്ടത് തന്നെ. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തി കോര്‍ത്തിണക്കിയുള്ള എക്യുമെനിക്കല്‍ മുന്നേറ്റത്തിന് വലിയ സംഭാവനകള്‍ ഇന്നും നല്‍കുന്നു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്റെ 2009 ലെ അല്‍മായ അസംബ്ലിയുടെ മുഖ്യ സംഘാടകനായും ലെയ്റ്റി കണ്‍സള്‍ട്ടേഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയും അദേഹം പ്രവര്‍ത്തിച്ചു.
കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വ നിരയില്‍ മാത്രമല്ല പാലാ രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസിഡന്റായും അദേഹം സേവനം ചെയ്തിട്ടുണ്ട്. സീറോ മലബാര്‍ സഭ സഭാതാരം പദവി നല്‍കി അദേഹത്തെ ആദരിച്ചു.
കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗമെന്ന നിലയില്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണ കവചമൊരുക്കുക മാത്രമല്ല അര്‍ഹതപ്പെട്ട ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെല്ലാം ന്യൂനപക്ഷ പദവി നല്‍കുവാനും അദേഹം ശ്രമിച്ചത് പ്രത്യേകം സ്മരിക്കുന്നു.
സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിറസാന്നിധ്യമായി. പ്രവര്‍ത്തന മേഖലകളിലൊക്കെ കൈയൊപ്പ് ചാര്‍ത്തിയ അതുല്യ വ്യക്തിത്വത്തിന്റെ എണ്‍പതുകളിലെ ഊര്‍ജ്ജസ്വലതയും ഉന്മേഷവും പ്രവര്‍ത്തനനിരതയും അടിയുറച്ച നിലപാടുകളും ആത്മാര്‍ത്ഥ സമീപനങ്ങളും ഏവര്‍ക്കും പ്രചോദനവും ആവേശവുമാണ്.
അധ്യാപനം, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, സാമുദായികം തുടങ്ങി വിവിധ തുറകളിലിന്നുള്ള ഒട്ടനവധി അതുല്യ വ്യക്തിത്വങ്ങളെ കൈപിടിച്ചുയര്‍ത്തുക മാത്രമല്ല അവരുടെ ജീവിത യാത്രയിലെ മാര്‍ഗദര്‍ശിയും സഹകാരിയും ശക്തിസ്രോതസുമായ ഡോ. സിറിയക് തോമസിനെ ആദരിച്ചുകൊണ്ട് പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 24ന് വൈകിട്ട് നാലിന് കോട്ടയം എം.റ്റി.സെമിനാരി ഹാളില്‍ ഒത്തുചേരും.സുഹൃത്തുക്കളോടും ബന്ധുമിത്രാദികളോടും ശിഷ്യരോടുമൊപ്പം സാമുദായിക, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും പങ്കുചേരുന്ന ചടങ്ങില്‍ അദേഹത്തിന്റെ പ്രകാശഗോപുരങ്ങള്‍, നന്മമരങ്ങള്‍ എന്നീ രണ്ടു പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മവും നടക്കും.
(കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ് ലേഖകന്‍)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26