'ഉടന്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ ദിവസം 10,000 രൂപ പിഴ'; അംഗീകാരമില്ലാത്ത മദ്രസകള്‍ക്കെതിരെ യുപി സര്‍ക്കാര്‍

 'ഉടന്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ ദിവസം 10,000 രൂപ പിഴ'; അംഗീകാരമില്ലാത്ത മദ്രസകള്‍ക്കെതിരെ യുപി സര്‍ക്കാര്‍

ലക്നൗ: രജിസ്ട്രേഷനോ അംഗീകാരമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മുസഫര്‍നഗര്‍ ജില്ലയിലെ മദ്രസകളാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നത്.

ജില്ലയില്‍ മാത്രം നൂറ് മദ്രസകളാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ മദ്രസ മാനേജര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് വിവരം. ഉടന്‍ പൂട്ടിയില്ലെങ്കില്‍ ദിവസം പതിനായിരം രൂപ പിഴ അടയ്ക്കാന്‍ 12 മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബ്‌ളോക്ക് എഡ്യുക്കേഷന്‍ ഓഫീസറാണ് മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മുസഫര്‍ നഗറിലെ പ്രാഥമിക ശിക്ഷാ അധികാരി ശുഭം ശുക്‌ള മാധ്യമങ്ങളോട് വ്യക്തമാക്കി. കൃത്യമായ അംഗീകാരമില്ലാതെ നൂറ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതായാണ് മുസഫര്‍ നഗറിലെ ന്യൂനപക്ഷ വിഭാഗം അറിയിച്ചിരിക്കുന്നതെ്. അവരോട് രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ ബുദ്ധിമുട്ടേറിയതല്ലെന്നും ശുഭം ശുക്‌ള പറഞ്ഞു.

അതേസമയം മദ്രസ സംബന്ധമായ വിഷയങ്ങളില്‍ ഇടപെടാന്‍ വിദ്യാഭ്യാസ വകുപ്പിന് ഉള്‍പ്പെടെ അധികാരമില്ലെന്ന് യുപി ബോര്‍ഡ് ഒഫ് മദ്രസ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ഇഫ്തികര്‍ അഹ്മദ് ജാവേദ് പറഞ്ഞു. ന്യൂനപക്ഷ വകുപ്പിന് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. സാധാരണ സ്‌കൂളുകള്‍ പോലെയല്ല മദ്രസകള്‍. അതിനാല്‍ തന്നെ സ്‌കൂളുകള്‍ക്കുള്ള നിയമങ്ങള്‍, പിഴകള്‍ തുടങ്ങിയവ മദ്രസകള്‍ക്ക് ബാധകമാകില്ല. 1995 ല്‍ സ്‌കൂളുകളുടെ നിയമങ്ങളില്‍ നിന്നും ചട്ടങ്ങളില്‍ നിന്നും മദ്രസകളെ വേര്‍പെടുത്തിയിരുന്നുവെന്നും ഇഫ്തികര്‍ അഹ്മദ് ജാവേദ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.