തെലങ്കാനയിലും രാജസ്ഥാനിലും ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം; സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

തെലങ്കാനയിലും രാജസ്ഥാനിലും  ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം; സീറ്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയിലും രാജസ്ഥാനിലും ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ചര്‍ച്ച നടന്നു വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ ബി ആര്‍എസിനെ വിട്ടാണ് ഇടത് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന മുനുഗോഡ നിയമസഭാ ഉപതിരഞ്ഞെടുപ്പിലടക്കം ഇടത് പാര്‍ട്ടികള്‍ ബിആര്‍എസിനൊപ്പമായിരുന്നു. അന്ന് പതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിആര്‍എസ് വിജയിക്കുകയും ചെയ്തു.

നിയമസഭ തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് കെസിആര്‍ പ്രഖ്യാപിച്ചെങ്കിലും ആകെയുള്ള 119 ല്‍ 115 സീറ്റുകളിലേക്ക് കെഎസിആര്‍ ഇക്കുറി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെയാണ് ഇടത് പാര്‍ട്ടികള്‍ ബിആര്‍എസിനെ വിട്ട് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്.

2004 ലെ തിരഞ്ഞെടുപ്പില്‍ അവിഭക്ത ആന്ധ്രയിലായിരുന്നു ഇടത് പാര്‍ട്ടികള്‍ അവസാനമായി കോണ്‍ഗ്രസിനൊപ്പം മത്സരിച്ചത്. നിലവിലെ ധാരണ പ്രകാരം സിപിഐയ്ക്ക് കോത്തഗുഡെം, ചെന്നൂര്‍ സീറ്റുകളായിരിക്കും ലഭിക്കുക. മിരിയാലഗുഡയാണ് സിപിഎമ്മിന് നല്‍കുക. എന്നാല്‍ ഭദ്രാചലം, മഥിര, പലൈര്‍ അടക്കം അഞ്ച് സീറ്റുകളാണ് സിപിഎം ആവശ്യപ്പെടുന്നത്.

അതിനിടെ രാജസ്ഥാനിലും ഇന്ത്യ സഖ്യമായിരിക്കും ബിജെപിയെ നേരിടുക. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ ഇടത് പാര്‍ട്ടികള്‍ തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് രണ്ട് സീറ്റുകളെങ്കിലും സിപിഎമ്മിന് ലഭിച്ചേക്കുമെന്നാണ് സൂചന.

2018 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ട് മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സംസ്ഥാനത്തുടനീളം സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങളായിരുന്നു നടന്നിരുന്നത്. ഇതിന് പിന്നാലെ വന്ന തിരഞ്ഞെടുപ്പിലാണ് രണ്ട് സീറ്റ് നേടാന്‍ സിപിഎമ്മിനായത്.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യം ഉണ്ടാകുമെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും മധ്യപ്രദേശിലടക്കം സഖ്യത്തിനിടയില്‍ വലിയ തര്‍ക്കമാണ് ഉടലെടുത്തത്.

നേരത്തെ എസ്.പിയും ഇടത് പാര്‍ട്ടികളും മധ്യപ്രദേശില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യത്തിലാണ് മത്സരിക്കുകയെന്ന് പ്രഖ്യാപിച്ചെങ്കിലും സീറ്റ് വിഭജനം വിലങ്ങു തടിയായി. ഇതോടെ തിരഞ്ഞെടുപ്പില്‍ സഖ്യമോ ധാരണയോ വേണ്ടെന്നാണ് എസ്.പി അടക്കമുള്ള പാര്‍ട്ടികളുടെ നിലപാട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.