കൊച്ചി: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തോഡോക്‌സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിന് വേണ്ടിയുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തില്‍ നിന്നുള്ള ഈശോ സഭാംഗമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിലിനെ സഭൈക്യത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ച് വര്‍ഷത്തേക്കാണ്.
കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്ക് പുറത്തുള്ള ഓര്‍ത്തോഡോക്‌സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനായി ദൈവശാസ്ത്ര സംവാദങ്ങള്‍ നടത്താനും മാര്‍ഗരേഖകള്‍ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിന് വേണ്ടിയുള്ള മാര്‍പാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിന് കീഴിലാണ് ഈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.
2001 ല്‍ ഈശോസഭയില്‍ പ്രവേശിച്ച ഫാ. ജിജി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സുറിയാനി പഠനങ്ങളില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തില്‍ ഡോക്ടറല്‍ ഗവേഷണം നടത്തി വരികയാണ്. ഇറാഖിലുള്ള അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റുമായി കത്തോലിക്കാ സഭ നടത്തി വരുന്ന ദൈവശാസ്ത്ര സംവാദ കമ്മീഷന്റെ വത്തിക്കാന്‍ നിരീക്ഷകന്‍, ഇംഗ്ലണ്ടിലെ സെന്റ് തെയോസേവിയ സെന്റര്‍ ഫോര്‍ ക്രിസ്ത്യന്‍ സ്പിരിച്വാലിറ്റി കൗണ്‍സില്‍ അംഗം, സീറോ മലബാര്‍ സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്.
2017 ഓഗസ്റ്റ് 19 നാണ് വൈദികപട്ടം സ്വീകരിച്ചത്. കുട്ടനാട് പുന്നക്കുന്നത്തുശേരിയിലെ പുതുവീട്ടില്‍ക്കളം പി.ടി. ജോസഫ്-ത്രേസ്യാമ ദമ്പതികളുടെ നാലാമത്തെ മകനാണ്. ചങ്ങനാശേരി അതിരൂപതാ വൈദികനും അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറുമായ ഫാ. റ്റെജി പുതുവീട്ടില്‍ക്കളത്തിലിന്റെ സഹോദരനുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26