'പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പൂട്ടിയിട്ടു': വെളിപ്പെടുത്തലുമായി രാഹുല്‍ ഗാന്ധി

'പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പൂട്ടിയിട്ടു': വെളിപ്പെടുത്തലുമായി  രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ പൂട്ടിയിട്ടെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തുന്നതു കൊണ്ടാണ് തന്നെ പൂട്ടിയിട്ടതെന്നും രാഹുല്‍ പറഞ്ഞു. ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി നടത്തിയ സംസാരത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വെളിപ്പെടുത്തിയത്.

പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ചുവെന്ന് അറിഞ്ഞാണ് അവിടേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ തന്നെ അവിടെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ താന്‍ പൊരുതി. വളരെ മോശമായ അനുഭവമായിരുന്നു അത്. അതീഖ് അഹമ്മദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത് പുല്‍വാമയിലെ ചര്‍ച്ച ഒഴിവാക്കാനാണെന്നും രാഹുല്‍ ആരോപിച്ചു.

ഭീകരാക്രമണം പിന്നീട് തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കപ്പെട്ടെന്ന് സത്യപാല്‍ മാലിക് സംഭാഷണത്തിനിടെ പറഞ്ഞു. 2019 ലെ കേന്ദ്ര സര്‍ക്കാരിന്റെ പരാജയമാണ് പുല്‍വാമ ആക്രമണത്തിന് കാരണം.

സൈനികരെ കൊണ്ടു പോകുന്നതിന് അഞ്ച് വിമാനങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. നാല് മാസമായിട്ടും തീരുമാനമെടുക്കാതെ ഒടുവില്‍ തള്ളിക്കളഞ്ഞു. സുരക്ഷിതമല്ല എന്നറിഞ്ഞിട്ടും സിആര്‍പിഎഫ് റോഡ് മാര്‍ഗം ഉപയോഗിക്കുകയായിരുന്നു.

സ്‌ഫോടനമുണ്ടാക്കിയ കാര്‍ 12 ദിവസം അവിടെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. പാകിസ്ഥാനില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിയത്. വാഹനത്തിന്റെ ഡ്രൈവറും ഉടമസ്ഥനും ഭീകര പ്രവര്‍ത്തനവുമായി ബന്ധമുള്ളവരായിരുന്നു. എന്നിട്ടും ഇന്റലിജന്‍സിന് അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിച്ചില്ലെന്നും മാലിക് കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.