പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം; കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനം: പ്രതിപക്ഷ ബഹിഷ്‌കരണം

 പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം; കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച്  ഗവര്‍ണറുടെ നയപ്രഖ്യാപനം:  പ്രതിപക്ഷ ബഹിഷ്‌കരണം

തിരുവനന്തപുരം: പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നല്‍കുമെന്നും പരമാവധി തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്നും ഗവര്‍ണറുടെ നയപ്രഖ്യാപനം. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസനത്തിന് തുരങ്കം വെക്കാന്‍ ശ്രമിച്ചുവെന്നും വികസനം അട്ടിമറിക്കുന്ന സമീപനം സ്വീകരിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. സഭ ആരംഭിച്ചപ്പോള്‍ തന്നെ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തി് പ്രതിഷേധിച്ച പ്രതിപക്ഷം ഗവര്‍ണര്‍ പ്രസംഗിക്കുമ്പോള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഭരണഘടനാപരമായ ജോലിയാണ് നിര്‍വഹിക്കുന്നതെന്നും തടസപ്പെടുത്തരുതെന്നും മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ അംഗങ്ങളെ ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് സഭ വിട്ടിറങ്ങിപ്പോയി.പ്രതിപക്ഷത്തിന് പിന്നാലെ പി.സിജോര്‍ജും സഭയില്‍ നിന്നിറങ്ങിപ്പോയി.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്. നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഗവര്‍ണര്‍ എണ്ണി പറഞ്ഞു. പ്രകടനപത്രിക നടപ്പാക്കിയ സര്‍ക്കാരാണിത്. നൂറുദിന പരിപാടി പ്രകാരം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കോവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ടു. കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി.

തദ്ദേശതിരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി. കേന്ദ്ര ആനുകൂല്യങ്ങള്‍ വാങ്ങിയെടുക്കാനായി. പൗരത്വപ്രശ്നത്തില്‍ മതേതരത്വത്തിനായി മുന്നിട്ടിറങ്ങി. ഫെഡറിലിസത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുനിന്നു.

ക്ഷേമ പെന്‍ഷനുകള്‍ 600 രൂപയില്‍ നിന്ന് 1500 രൂപയാക്കി ഉയര്‍ത്തി. പൊതുമേഖലയെ സര്‍ക്കാര്‍ ശക്തിപ്പെടുത്തി. കോവിഡ് കാലത്ത് ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. തുടങ്ങിയ കാര്യങ്ങളും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.