സ്വര്‍ണ വില റെക്കോര്‍ഡിന് അരികെ; പവന് 50000 കടന്നേക്കും

സ്വര്‍ണ വില റെക്കോര്‍ഡിന് അരികെ; പവന് 50000 കടന്നേക്കും

കൊച്ചി: സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഓഗസ്റ്റില്‍ വലിയ കുതിപ്പാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തുന്നത്. ഈ നിലയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത ദിവസം തന്നെ വില പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മെയ് മാസം അഞ്ചാം തിയതി രേഖപ്പെടുത്തിയ പവന് 45760 രൂപയാണ് സംസ്ഥാനത്ത് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്.

22 കാരറ്റ് സ്വര്‍ണത്തില്‍ പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45440 രൂപയായി. 45320 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് ഇന്നലത്തെ 5655 എന്നതില്‍ നിന്നും 5680 ലേക്ക് എത്തി. 24 കാരറ്റ് സ്വര്‍ണത്തിലും ഇന്നും സമാനമായ നിരക്കിലുള്ള വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പവന് 128 രൂപ വര്‍ധിച്ച് 49568 എന്ന നിരക്കിലും ഗ്രാമിന് 16 രൂപ വര്‍ധിച്ച് 6196 എന്ന നിരക്കിലുമാണ് ഇന്നത്തെ വില്‍പ്പന.

വര്‍ധനവ് ഈ നിരക്കില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ നവംബര്‍ പകുതിയോടെ സ്വര്‍ണ വില 50000 കടന്നേക്കുമെന്നാണ് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒക്ടോബര്‍ മാസം ഒന്നിന് 42080 രൂപയായിരുന്നു വില. ഒക്ടോബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില പിടിവിട്ട് കുതിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വലിയ തോതില്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ട്രോയ് ഔണ്‍സിന് 1974 ഡോളറിലായിരുന്നു ഇന്നലത്തെ വില. ഡോളര്‍ കരുത്താര്‍ജിച്ചതിനെ തുടര്‍ന്ന് മങ്ങിയ സ്വര്‍ണ വില കുതിക്കാന്‍ കാരണമായത് ഇസ്രായേല്‍- ഹമാസ് സംഘര്‍ഷമായിരുന്നു. രാജ്യാന്തര വിപണിയിലും സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില.

യുദ്ധ ഭീതിയുടെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതോടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയായിരുന്നു. അതേസമയം വില വര്‍ധിച്ചതോടെ ജ്വല്ലറികളിലേക്ക് സ്വര്‍ണം വാങ്ങാനായി എത്തുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. നേരെ മറിച്ച് പഴയ സ്വര്‍ണം വില്‍ക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവും ഉണ്ടായിട്ടുണ്ട്.

പവന് വില 45000 ത്തിന് മുകളിലേക്ക് എത്തിയതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിനായി 50000 ത്തില്‍ മുകളില്‍ ചിലവഴിക്കേണ്ട സ്ഥിതിയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനം നല്‍കിയാല്‍ പോലും ജിഎസ്ടിയും മറ്റും ചേര്‍ത്ത് വില 50000 കടക്കും. വില വര്‍ധനവിന്റെ സാഹചര്യത്തില്‍ ഡിജിറ്റല്‍ ഗോള്‍ഡ് ഉള്‍പ്പടെയുള്ള നിക്ഷേപവും വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.