ചോദ്യത്തിന് പണം: മഹുവ മൊയ്ത്ര 31 ന് ഹാജരാവണമെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി

ചോദ്യത്തിന് പണം: മഹുവ മൊയ്ത്ര 31 ന് ഹാജരാവണമെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുന്നതിന് പണം വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഈ മാസം 31 ന് നേരിട്ട് ഹാജരാവണമെന്ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി.

മൊയ്ത്രയ്ക്കെതിരായ ആരോപണം അന്വേഷിക്കുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐ.ടി മന്ത്രാലയത്തിന്റെയും സഹായം തേടുമെന്ന് സമിതി അധ്യക്ഷനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും വിലകൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മൊയ്ത്രയ്ക്കെതിരെ ആരോപണം. ഏത് തരത്തിലുള്ള അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്ന നിലപാടിലാണ് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര.

മഹുവ മൊയ്ത്രയ്ക്കെതിരെ ആരോപണം ഉന്നയിച്ച ബിജെപി നേതാവ് നിഷികാന്ത് ദുബെ ഇന്ന് സമിതി മുമ്പാകെ ഹാജരായി മൊഴി നല്‍കി. അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രായിയും സമിതിക്കു മുമ്പാകെ ഹാജരായി. ജയ് ആനന്ദ് ഷെയര്‍ ചെയ്ത രേഖകള്‍ ഉദ്ധരിച്ചാണ് ദുബെ മൊയ്ത്രയ്ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.

മഹുവ മൊയ്ത്ര അവരുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ് വേഡും പങ്കിട്ടിരുന്നതായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മഹുവയുടെ പേരില്‍ ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടിയായിരുന്നു ഇതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ ലക്ഷ്യം വെച്ച് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയും അതുവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപകീര്‍ത്തിപ്പെടുത്താനും നാണം കെടുത്താനുമായിരുന്നു പദ്ധതിയിട്ടത്. പ്രധാനമന്ത്രിയെ നേരിട്ട് ആക്രമിക്കാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു മാര്‍ഗം സ്വീകരിച്ചതെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

ഇതിനു പിന്നാലെ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനിയുടെ സത്യവാങ്മൂലത്തെ ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര രംഗത്തെത്തി. പ്രധാനമന്ത്രിയുടെ ഓഫീസാണ് സത്യവാങ്മൂലത്തിന്റെ കരട് തയ്യാറാക്കിയത്. എന്നിട്ട് നിര്‍ബന്ധം ചെലുത്തി സത്യവാങ്മൂലത്തില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.