ലക്നൗ: ഉത്തര്‍പ്രദേശിലെ ബദൗനില്‍ 50 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ദേശീയ വനിതാ കമ്മീഷനംഗം. കൊല്ലപ്പെട്ട സ്ത്രീ വൈകുന്നേര സമയത്ത് പുറത്തുപോയില്ലായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നാണ് ദേശീയ വനിതാ കമ്മീഷനംഗം ചന്ദ്രമുഖി ദേവിയുടെ അഭിപ്രായം. കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു ചന്ദ്രമുഖിയുടെ വിചിത്രമായ പ്രതികരണം.
'ആരൊക്കെ നിര്‍ബന്ധിച്ചിട്ടാണെങ്കിലും അവര്‍ സമയം ശ്രദ്ധിക്കണമായിരുന്നു. വൈകി ഒരിക്കലും പുറപ്പെടരുത്. അവര്‍ വൈകുന്നേരം തനിയെ പുറത്തിറങ്ങിയിരുന്നില്ലെങ്കിലോ കുടുംബാംഗത്തോടൊപ്പം പോയിരുന്നെങ്കിലോ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് എനിക്ക് തോന്നുന്നു', ചന്ദ്രമുഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ചറിയില്ലെന്ന് പറഞ്ഞ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ സ്ത്രീകള്‍ക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയമില്ലെന്ന് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലാണ് അമ്പതുകാരിയായ അംഗനവാടി ടീച്ചര്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു ഇവര്‍ ആക്രമിക്കപ്പെട്ടത്.
ക്രൂരമായ ബലാത്സംഗമാണ് നടന്നതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്യുകയും ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര പുരോഹിതനെതിരെ ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്നും സ്ത്രീയുടെ കുടുംബം ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.