കോഴിക്കോട്: ഇസ്രയേലില്‍ ആക്രമണം നടത്തിയത് ഹമാസ് ഭീകരവാദികളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ എംപി. കോഴിക്കോട് ബീച്ചില്‍ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം. ഇസ്രയേലിന്റെ പ്രതികാരം അതിരു കടന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും തരൂര്‍ പറഞ്ഞു.
കണ്ണിന് കണ്ണെന്ന നിലയില്‍ പ്രതികാരം ചെയ്താല്‍ ലോകം അന്ധമാകുമെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഈ യുദ്ധം നിര്‍ത്തണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഇസ്രയേലില്‍ ഹമാസ് ഭീകരവാദികള്‍ അക്രമം നടത്തി. അവര്‍ അവിടെ 1400 ലേറെ പേരെ കൊലപ്പെടുത്തി. 200 പേരെ ബന്ദികളാക്കി. അതിന് പകരമായി ഗാസയില്‍ 6000 ത്തിലേറെ പേരെ ഇസ്രയേലില്‍ കൊലപ്പെടുത്തി. ബോംബിങ് ഇപ്പോഴും അവസാനിച്ചിട്ടില്ല.
ഇസ്രയേല്‍ യുദ്ധം നിര്‍ത്തുന്നതിന് മുന്‍പ് എത്ര കുഞ്ഞുങ്ങളുടെ ജീവനെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി മുസ്ലിം ലീഗ് സംഘടിപ്പിച്ച ഈ റാലി മുസ്ലിം വിഷയമായത് കൊണ്ടല്ല. ഇതൊരു മനുഷ്യത്വ വിഷയമാണ്.
യുദ്ധത്തിന് മതമറിയില്ല. യുദ്ധത്തില്‍ ക്രൈസ്തവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയില്‍ ക്രൈസ്തവ പള്ളി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ അവിടെ നിരവധി പേര്‍ അഭയാര്‍ത്ഥികളായി. ആ പള്ളി തകര്‍ക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. ആ പള്ളിയിലും ഇസ്രയേല്‍ ബോംബിട്ടു. നിരവധി പേര്‍ അവിടെയും കൊല്ലപ്പെട്ടെന്നും ശശി തരൂര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.