പിന്നില്‍ നിന്നു പൊരുതിക്കയറി ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയ്‌ക്കെതിരെ മിന്നും ജയം

പിന്നില്‍ നിന്നു പൊരുതിക്കയറി ബ്ലാസ്റ്റേഴ്‌സ്; ഒഡീഷയ്‌ക്കെതിരെ മിന്നും ജയം

കൊച്ചി: ഒഡീഷയ്‌ക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട വിജയിച്ചത്. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിജയം കൈപ്പിടിയിലാക്കിയത്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ദിമിത്രിയോസ് ദിമന്റഗോസ്, ലൂണ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

കൊച്ചിയില്‍ തടിച്ചുകൂടിയ മഞ്ഞപ്പടയുടെ ആരാധകരെ ഞെട്ടിച്ച് ആദ്യ പകുതിയില്‍ പതിനഞ്ചാം മിനിട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കി. മഞ്ഞപ്പടയുടെ പ്രതിരോധം തകര്‍ത്ത ബ്രസീലിയന്‍ താരം ഡീഗോ മൗറീസിയോ ഗോള്‍ നേടി.

ഒരു ഗോള്‍ വീണതിനു ശേഷം ബ്ലാസ്‌റ്റേഴ്‌സ് ആക്രമിച്ചു കളിച്ചുവെങ്കിലും ആദ്യപകുതിയില്‍ ഗോള്‍ കണ്ടെത്താനായില്ല. രണ്ടാം പകുതിയില്‍ 66ാം മിനിട്ടില്‍ ദിമിത്രിയോസ് ദിമന്റഗോസ് ഗോള്‍ മടക്കി. ഏതാനും മിനിട്ടുകള്‍ക്കു ശേഷം രണ്ടാം ഗോള്‍ നേടാനുള്ള ദിമന്റഗോസിന്റെ ശ്രമം ഗോളിയുടെ പ്രതിരോധത്തില്‍ ഒതുങ്ങി.

സമനില ഗോള്‍ കണ്ടെത്തിയതോടെ ഒഡീഷയുടെ ഗോള്‍മുഖത്ത് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട ബ്ലാസ്‌റ്റേഴ്‌സ് കളിതീരാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കെ സൂപ്പര്‍ താരം ലൂണയിലൂടെ വിജയ ഗോള്‍ കണ്ടെത്തി. ഡാനിഷ് ഫാറൂഖിയുടെ മറ്റൊരു ഷോട്ടും അവസാന നിമിഷത്തില്‍ ബാറിനു മുകളിലൂടെ പറന്നു.

ഈ വിജയത്തോടെ അഞ്ചു മല്‍സരത്തില്‍ നിന്നും മൂന്നു വിജയവും ഒരു സമനിലയുമടക്കം 10 പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ ഒരു കളിയില്‍ മാത്രമാണ് ഇതുവരെ ബ്ലാസ്‌റ്റേഴ്‌സ് പരാജയം രുചിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.