തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് 480 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വിപണി നിരക്ക് 45,920 രൂപയായി. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5,740 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിരക്ക് 4,758 രൂപയുമാണ്.
അതേസമയം വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി നിരക്ക് 103 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന മാറ്റമാണ് സംസ്ഥാനത്തെ വിപണിയിലെ നിരക്കിലും പ്രകടമാകുന്നത്. മെയ് അഞ്ചിനാണ് മുന്‍പ് സംസ്ഥാനത്ത് സ്വര്‍ണവില ഏറ്റവും ഉയര്‍ന്നത്. 45760 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
യുദ്ധം പോലുള്ള സാഹചര്യങ്ങള്‍ വരുമ്പോള്‍ സ്വര്‍ണ വിലയില്‍ വലിയ വര്‍ധന പെട്ടെന്നുണ്ടാകുന്നത് പതിവാണ്. ഇരു രാജ്യങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന ചെറുനീക്കങ്ങള്‍ പോലും വിലയില്‍ വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കും. മറ്റു ലോക രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ പോലും വിലയെ സ്വാധീനിക്കും. എന്തുകൊണ്ടാണ് യുദ്ധം സ്വര്‍ണവിലയെ ഉയര്‍ത്തുന്നത്?
ഡിമാന്‍ഡ് ആണ് എല്ലാ വസ്തുക്കളുടെയും വില ഉയര്‍ത്തുന്നത്. അതായത് കൂടുതല്‍ പേര്‍ വാങ്ങാനുണ്ടെങ്കില്‍ ഉല്‍പന്നത്തിന്റെ ഡിമാന്‍ഡും അതുവഴി വിലയും കൂടും. അതേസമയം ഡിമാന്‍ഡ് കുറയുകയാണെങ്കില്‍ അല്ലെങ്കില്‍ വില്‍പനക്കാരാണ് കൂടുതലെങ്കില്‍ വില കുറയും. ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ ആളുകളെത്തുന്നതാണ് വില കൂടാന്‍ കാരണം. സ്വര്‍ണം വാങ്ങാനെത്തുന്നവരെന്നാല്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനെത്തുന്ന വന്‍കിട നിക്ഷേപകരാണ്. ആഗോള വിപണികളുടെയെല്ലാം ഗതി നിര്‍ണയിക്കാന്‍ കെല്‍പുള്ളവരാണീ നിക്ഷേപകര്‍. ഇവരുടെ നിക്ഷേപ തീരുമാനങ്ങളാണ് ആഗോള വിപണിയുടെ ഗതി നിശ്ചയിക്കുന്നത്.
ഓഹരികളെയും കറന്‍സികളെയും ക്രൂഡ്ഓയില്‍ ഉള്‍പ്പെടെയുള്ള മറ്റ് കച്ചവടസാമാനങ്ങളെയുമെല്ലാം വച്ചു നോക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി പണ്ടുകാലം മുതല്‍ കണക്കാക്കുന്നത് മൂല്യമേറിയ ലോഹങ്ങളെയാണ് (പ്രേഷ്യസ് മെറ്റല്‍സ്). ഇതില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, പലേഡിയം എന്നിവയെല്ലാം ഉള്‍പ്പെടും. ഇവയിലും ഏറ്റവും സുരക്ഷിതമെന്ന ഖ്യാതി മഞ്ഞലോഹമെന്നറിയപ്പെടുന്ന സ്വര്‍ണത്തിനാണ്. ഉപയോഗം കൂടുതലായതാണ് ഇതിന്റെ കാരണം.
ആഭരണ വിപണിയില്‍ മാത്രമല്ല, വ്യാവസായികാവശ്യങ്ങള്‍ക്കും സ്വര്‍ണം വലിയതോതില്‍ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ നിര്‍മാണ മേഖലയില്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.