വത്തിക്കാന്‍ സിറ്റി: ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ തകരുന്ന വിശുദ്ധ നാടിനെയും ലോകത്തെയും തിരുസഭയെയും പരിശുദ്ധ കന്യകാ മറിയത്തിന് സമർപ്പിച്ച് പ്രാർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഒക്‌ടോബർ 27 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന സമാധാനത്തിനായി നടന്ന ആഗോള പ്രാര്‍ത്ഥന ദിനത്തിന്റെ ഭാഗമായാണ് പ്രത്യേക സമര്‍പ്പണം നടത്തിയത്.
വീൽചെയറിലാണ് ഫ്രാൻസിസ് പാപ്പ മാതാവിന്റെ രൂപത്തിനു മുന്നിലേക്ക് എത്തിയത്. വിദ്വേഷത്താൽ കുടുങ്ങിയവരുടെ ആത്മാവിനെ ചലിപ്പിക്കാനും സംഘർങ്ങൾ ഉണ്ടാക്കുന്നവരെ മനസാന്തരപ്പെടുത്താനും, കുട്ടികളുടെ കണ്ണീർ തുടക്കാനും, സംഘർഷങ്ങളുടെ ഇരുണ്ട യാമങ്ങളിൽ വെളിച്ചമുണ്ടാകാനും പാപ്പ പ്രാർത്ഥിച്ചു. ഏതാനും നിമിഷം മൗനമായി പ്രാർത്ഥിച്ച ശേഷം ജപമാലയുടെ ദുഖകരമായ രഹസ്യങ്ങൾ ധാനിച്ചുകൊണ്ട് പ്രാർത്ഥനയാരംഭിച്ചു. കുറച്ചു സമയം നിശബ്ദ പ്രാർത്ഥനയ്ക്കും സഭാപിതാക്കന്മാരുടെ വിചിന്തനങ്ങളും ധ്യാന വിഷയമായി.
ആപത്തിലും പ്രക്ഷുബ്ധതയിലും കഴിയുന്ന ലോകത്തിനുവേണ്ടി മാധ്യസ്ഥ്യം വഹിക്കാനും സംഘർഷങ്ങൾക്ക് ആക്കംകൂട്ടുന്നവരുടെ മാനസാന്തരത്തിനായും പ്രാർഥിക്കാൻ മാർപാപ്പ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. “ദൈവമാതാവേ, ഞങ്ങളുടെ അമ്മേ, ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ വന്നിരിക്കുന്നു. അങ്ങയുടെ നിഷ്കളങ്കമായ ഹൃദയത്തിൽ ഞങ്ങൾ അഭയം തേടുന്നു. ഞങ്ങളെയും ഞങ്ങൾക്കുള്ളതുമെല്ലാം എന്നെന്നേക്കുമായി ഞങ്ങൾ അങ്ങയെ ഭരമേല്പിക്കുകയും സമർപ്പിക്കുകയും ചെയ്യുന്നു” എന്നു പ്രാർഥിച്ചുകൊണ്ടാണ് മാർപാപ്പ തിരുസഭയെയും ലോകത്തെയും, പ്രത്യേകിച്ച് യുദ്ധം നടക്കുന്ന രാജ്യങ്ങളെയും പരിശുദ്ധ കന്യകാമാതാവിനു സമർപ്പിച്ചത്.
പരിശുദ്ധ പിതാവിനോടൊപ്പം ആയിരക്കണക്കിന് വിശ്വാസികളും, മെത്രാൻമാരും, കർദ്ദിനാൾമാരും സിനഡിൽ സംബന്ധിക്കാനെത്തിയ സിനഡംഗങ്ങളും ബസിലിക്കയിൽ സന്നിഹിതരായിരുന്നു. റോമിന്റെ മെത്രാനോടൊപ്പം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള വിശ്വാസികളും പങ്കുചേർന്നു. ജെറുസലേമിലും, ഗാസയിലും, യുക്രൈനിലെ കീവിലും, വടക്കൻ ആഫ്രിക്കയിലെ ഗ്രാമങ്ങളിലും പ്രാർത്ഥനകൾ നടന്നു. വിശുദ്ധ നാട്ടിലെ സംഘർഷം അതീവ ഗുരുതരമായിരിക്കെയാണ് പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഒരു ദിവസത്തിനായി പാപ്പ ആഹ്വാനം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26