ഇനി സമയം നീട്ടില്ല; മഹുവ നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് എത്തിക്‌സ് കമ്മിറ്റി

ഇനി സമയം നീട്ടില്ല; മഹുവ നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് എത്തിക്‌സ് കമ്മിറ്റി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രി നവംബര്‍ രണ്ടിന് ഹാജരാകാന്‍ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടുതല്‍ സമയം നീട്ടി നല്‍കാനാകില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഒക്ടോബര്‍ 31 ന് ഹാജരാകാന്‍ കഴിയില്ലെന്ന് മഹുവ അറിയിച്ചതിനെത്തുടര്‍ന്നാണ് തിയതി മാറ്റി നല്‍കിയത്.

ലോക്‌സഭയില്‍ ചോദിക്കേണ്ട ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ബിസിനസുകാരനും സുഹൃത്തുമായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് ലോഗിന്‍ ഐഡിയും പാസ്‌വേഡും നല്‍കിയിരുന്നുവെന്ന് മഹുവ ചാനല്‍ അഭിമുഖത്തില്‍ സമ്മതിച്ചിരുന്നു.

ദര്‍ശന്‍ ഹിരാനന്ദാനിയുടെ ഓഫീസിലെ ആരോ പാര്‍ലമെന്റ് വെബ്‌സൈറ്റില്‍ ചോദ്യം ടൈപ്പ് ചെയ്തിരുന്നുവെന്നും അതിന് ശേഷം വിളിച്ചറിയിച്ചുവെന്നും മഹുവ വ്യക്തമാക്കി. തുടര്‍ന്ന് ഒരു ഒടിപി തന്റെ ഫോണില്‍ വരും. ആ ഒടിപി വച്ചു സ്ഥിരീകരിക്കുമ്പോഴാണ് ചോദ്യങ്ങള്‍ പോസ്റ്റ് ആവുന്നത്. അതുകൊണ്ട് തന്നെ ദര്‍ശന്‍ തന്റെ ഐഡിയില്‍ ലോഗിന്‍ ചെയ്ത് ചോദ്യങ്ങള്‍ ചോദിച്ചു എന്ന് പറയുന്നത് പരിഹാസ്യമാണെന്നും അവര്‍ പറഞ്ഞു.

വ്യവസായി ഹിരാനന്ദാനിയുടെ നിര്‍ദേശ പ്രകാരം ലോക്‌സഭയില്‍ ബിജെപിക്കെതിരെയും അദാനിക്കെതിരെയും നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

ബിജെപി എംപി നിഷികാന്ത് ദുബെയാണ് വിഷയത്തില്‍ സ്പീക്കര്‍ ഓം ബിര്‍ളക്ക് പരാതി നല്‍കിയത്. ഇതാണ് ലോക്സഭാ എത്തിക്സ് കമ്മിറ്റി അന്വേഷിക്കുന്നത്.
വ്യാഴാഴ്ച ദുബെയും അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്കെതിരെ പാനലിന് മുന്നില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.