കൊല്‍ക്കത്ത: ബാറ്റിംഗ് പറുദീസയായ ഈഡന്‍ ഗാര്‍ഡന്‍സില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി നെതര്‍ലന്‍ഡ്‌സിന്റെ തകര്‍പ്പന്‍ ജയം. ഈ ലോകകപ്പില്‍ തന്നെ നേരത്തെ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച നെതര്‍ലന്‍ഡ്സ് ഇന്ന് ബംഗ്ലാദേശിനെ 87 റണ്‍സിന് പരാജയപ്പെടുത്തി.
കൃത്യതയോടെ പന്തെറിഞ്ഞ നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാരുടെ മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു. 230 റണ്‍സ് എന്ന കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 42.2 ഓവറില്‍ 142 റണ്‍സിന് എല്ലാവരും കൂടാരം കയറി.
നാല് വിക്കറ്റ് നേടിയ പോള്‍ വാന്‍ മീകരന്‍, രണ്ടു വിക്കറ്റ് നേടിയ ബാസ് ഡി ലീഡ് എന്നിവരുടെ ബൗളിംഗ് മികവിലാണ് ഡച്ച് ടീം വിജയം കണ്ടെത്തിയത്. മീകരന്‍ ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
35 റണ്‍സെടുത്ത മെഹിദി ഹസനാണ് ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. മഹ്‌മദുള്ള (20), പത്താമനായ മുസ്തഫിസുര്‍ റഹ്‌മാന്‍ (20) എന്നിവരാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നെതര്‍ലന്‍ഡ്‌സ് നായകന്റെ അര്‍ധസെഞ്ചുറി കരുത്തിലാണ് 229 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. എഡ്വാര്‍ഡ്‌സ് 89 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയടക്കം 68 റണ്‍സെടുത്തു.
വെസ്ലി ബരേസി (41 റണ്‍സ്), സൈബ്രാന്റ് ഏംഗല്‍ബ്രെക്റ്റ് (35 റണ്‍സ്) എന്നിവരും മികച്ച സംഭാവന നല്‍കി. ബംഗ്ലദേശിനായി മുസ്താഫിസുര്‍ റഹ്‌മാന്‍, ഷെരിഫുള്‍ ഇസ്‌ലാം, ടസ്‌കിന്‍ അഹമ്മദ്, മെഹ്ദി ഹസന്‍ എന്നിവര്‍ ഈരണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയില്‍ നെതര്‍ലന്‍ഡ്‌സ് എട്ടാം സ്ഥാനത്തായി. നിലവില്‍ ബംഗ്ലദേശ് ഒമ്പതാം സ്ഥാനത്താണ്. നിലവിലെ ലോകചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാണ് ഏറ്റവും അവസാന സ്ഥാനത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.