ചോദ്യം ചോദിക്കാതിരിക്കാന്‍ ഗൗതം അദാനി പണം വാഗ്ദനം ചെയ്തു: ആരോപണങ്ങളുമായി മഹുവ മൊയ്ത്ര

ചോദ്യം ചോദിക്കാതിരിക്കാന്‍ ഗൗതം അദാനി പണം വാഗ്ദനം ചെയ്തു:  ആരോപണങ്ങളുമായി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കെതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാതിരിക്കാന്‍ അദാനി പണം വാഗ്ദനം ചെയ്‌തെന്നാണ് മഹുവയുടെ ആരോപണം. ചോദ്യത്തിന് കോഴ വിവാദം അദാനിയുടെ തിരക്കഥയാണെന്നും അവര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ട് ലോക്‌സഭ എംപിമാരിലൂടെ അദാനി തന്നെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. കോഴ ആരോപണ വിവാദത്തിന് പിന്നാലെ അദാനിയുമായി ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്ന് വിളിയെത്തിയെന്നും തിരഞ്ഞെടുപ്പ് വരെ അദാനിക്കെതിരെ സംസാരിക്കരുതെന്നും എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാമെന്നും ഉറപ്പ് നല്‍കിയെന്നും മഹുവ ആരോപിച്ചു.

വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച തനിക്ക് വീണ്ടും സന്ദേശം ലഭിച്ചു. 'ദയവായി എല്ലാം അവസാനിപ്പിക്കണം, ആറു മാസത്തേക്ക് മിണ്ടാതിരിക്കണം. അദാനിയെ വേണമെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍ പ്രധനമന്ത്രിക്കെതിരെ ശബ്ദിക്കരുത് എന്നും പറഞ്ഞുവെന്നും മഹുവ ആരോപിച്ചു.

അതേസമയം മഹുവക്കെതിരെ പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നിലപാട് കടുപ്പിച്ചു. രണ്ടിന് തന്നെ മഹുവ ഹാജരാകണമെന്നും തിയതി ഇനി നീട്ടില്ലെന്നും പരാതി വളരെ ഗൗരവമുള്ളതെന്നും സമിതി വ്യക്തമാക്കി.

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്ക് പാര്‍ലമെന്റ് ലോഗിനും പാസ്വേഡും നല്‍കിയ ആരോപണം മഹുവ മൊയ്ത്ര സമ്മതിച്ചിരുന്നു. പാര്‍ലമെന്റ് ഇ മെയില്‍ വിവരങ്ങള്‍ ഹിരാനന്ദാനി ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. ലോഗിന്‍, പാസ്വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയ്യാറാക്കാനാണെന്നും ലക്ഷ്യം പണമാല്ലായിരുന്നെന്നും അവര്‍ വിശദീകരിച്ചു.

പാര്‍ലമെന്റ് അംഗങ്ങളുടെ ഔദ്യോഗിക ഇ മെയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു നിയമവും നിലവിലില്ല. ഒരു എംപിയും ചോദ്യങ്ങള്‍ സ്വയം തയ്യാറാക്കുന്നതല്ല, പാസ്വേഡ് വിവരങ്ങള്‍ എല്ലാവരുടെയും ടീമിന്റെ പക്കലുണ്ട്. എന്നാല്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപി വരുന്നത് തന്റെ ഫോണിലേക്ക് മാത്രമാണ്. താന്‍ ഒടിപി നല്‍കിയാല്‍ മാത്രമേ ചോദ്യങ്ങള്‍ സമര്‍പ്പിക്കുകയുള്ളൂ എന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.

രാജ്യത്തെ പ്രധാന വ്യവസായിയായ അദാനി ഗ്രൂപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ ഹിരനന്ദാനിയില്‍ നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണവുമായി രംഗത്തെത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.