'ഇന്ത്യക്കാരുടെ മോചനത്തിന് ശ്രമം തുടരും': ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളോട് വിദേശകാര്യ മന്ത്രി

'ഇന്ത്യക്കാരുടെ മോചനത്തിന് ശ്രമം തുടരും': ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളോട് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന കേസില്‍ ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ.് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.

കുടുംബങ്ങളുടെ ആശങ്കകളും വേദനകളും ഞങ്ങള്‍ മനസിലാക്കുന്നു. അവരുടെ മോചനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ തുടരുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദേഹം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

ഇന്ത്യന്‍ നാവികസേനയിലെ എട്ട് മുന്‍ ഉദ്യോഗസ്ഥരും 2022 ഓഗസ്റ്റ് മുതല്‍ ഖത്തറിലെ ജയിലിലാണ്. ചാരവൃത്തി നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഖത്തര്‍ കോടതി എല്ലാവര്‍ക്കും വധശിക്ഷ വിധിച്ചത്. രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ച കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി ഉള്‍പ്പെടെയാണ് മോചനം കാത്ത് ജയിലില്‍ കഴിയുന്നത്.

2019 ല്‍ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദേഹത്തെ പ്രവാസി ഭാരതീയ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. കമ്പനിയുടെ വെബ് സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ഇന്ത്യന്‍ നാവിക സേനയിലെ നിരവധി വലിയ കപ്പലുകളുടെ കമാന്‍ഡായിരുന്നു പൂര്‍ണേന്ദു തിവാരി.

ഈ വര്‍ഷം മാര്‍ച്ച് അവസാനമാണ് കേസിന്റെ ആദ്യ ഹിയറിങ് നടന്നത്. അറസ്റ്റിലായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥരില്‍ ഒരാളുടെ സഹോദരിയായ മിതു ഭാര്‍ഗവ ഖത്തറില്‍ നിന്ന് തന്റെ സഹോദരനെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യയുടെ സഹായം തേടിയതോടെ വാര്‍ത്ത കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.

'ഈ മുന്‍ നാവിക ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ അഭിമാനമാണ്.താമസിക്കാതെ എല്ലാവരെയും ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന്‍ പ്രധാനമന്ത്രി മോഡിയോട് കൂപ്പുകൈകളോടെ അഭ്യര്‍ത്ഥിക്കുന്നു.', ജൂണ്‍ എട്ടിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ മിതു എഴുതി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് പേരും ഖത്തറിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. ഖത്തര്‍ എമിരി നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്നതാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജി ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന ഈ കമ്പനി.

ഖത്തര്‍ പ്രതിരോധ വകുപ്പ്, സുരക്ഷ, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രാദേശിക പങ്കാളിയെന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. റോയല്‍ ഒമാന്‍ എയര്‍ഫോഴ്സ് റിട്ടയേര്‍ഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഖമീസ് അല്‍ അജാമിയാണ് ഈ കമ്പനിയുടെ സിഇഒ.

ഇസ്രായേലിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് 2022 ഓഗസ്റ്റ് 30 നാണ് ഖത്തര്‍ രഹസ്യാന്വേഷണ ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്തത്.

മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ്മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് പിടിയിലായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.