ന്യൂഡല്‍ഹി: ഹരിയാനയില്‍ വയലിലിറങ്ങി കര്‍ഷകര്‍ക്കൊപ്പം ഞാറ് നട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഛത്തീസ്ഗഡില്‍ നെല്‍പാടത്തിറങ്ങി നെല്ല് കൊയ്തു. കൈയില്‍ അരിവാളും തലയില്‍ കെട്ടുമായി ഇന്നലെയാണ് രാഹുല്‍ റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ പാടത്തിറങ്ങി കര്‍ഷകര്‍ക്കൊപ്പം നെല്ല് കൊയ്തത്.
ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള മദിന ഗ്രാമത്തില്‍ ഞാറ് നടുന്ന കര്‍ഷകരെ കണ്ട് രാഹുല്‍ അവര്‍ക്കൊപ്പം കൂടിയത്.
വഴിയില്‍ നെല്‍പാടത്ത് കൃഷിയിറക്കുന്ന കര്‍ഷകരെ കണ്ടതോടെ വാഹനം നിര്‍ത്തി അവര്‍ക്കൊപ്പം ചേരുകയായിരുന്നു. പാന്റ് മടക്കി കൃഷിയിടത്തില്‍ ഇറങ്ങി കര്‍ഷകരോട് സംസാരിക്കുന്ന, അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് മനസിലാക്കി അവര്‍ക്കൊപ്പം ഞാറ് നടുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
സമാനമായ ഇടപെടലാണ് ഛത്തീസ്ഗഡിലും രാഹുല്‍ നടത്തിയത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഉപമുഖ്യമന്ത്രി ടി.എസ് സിങ് ദിയോയും ഒപ്പമുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഛത്തീസ്ഗഡില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് രാഹുല്‍ ഗാന്ധി.
ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ച പദ്ധതികളെ കുറിച്ച് സംസാരിച്ച രാഹുല്‍ ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ കര്‍ഷക മാതൃക ഇന്ത്യയിലുടനീളം പിന്തുടരുമെന്നും പറഞ്ഞു.
സമൂഹ മാധ്യമമായ എക്‌സില്‍ കര്‍ഷകര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അദേഹം ഇങ്ങനെ കുറിച്ചു:
''കര്‍ഷകര്‍ സന്തുഷ്ടരാണെങ്കില്‍ ഇന്ത്യ സന്തുഷ്ടയാണ്. ഛത്തീസ്ഗഡിലെ കര്‍ഷകര്‍ക്കായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഞ്ച് പദ്ധതികള്‍, അവരെ ഇന്ത്യയില്‍ ഏറ്റവും സന്തുഷ്ടരാക്കി മാറ്റി. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2,640 രൂപയാക്കി. 26 ലക്ഷം കര്‍ഷകര്‍ക്ക് 23,000 കോടി രൂപയുടെ സബ്സിഡി. 19 ലക്ഷം കര്‍ഷകരുടെ 10,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി.
വൈദ്യുതി ബില്‍ പകുതിയാക്കി. അഞ്ച് ലക്ഷം കര്‍ഷകത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 7,000 രൂപ. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷം ഭൂപേഷ് ബാഗേല്‍ സര്‍ക്കാര്‍ ഈ പദ്ധതികളെല്ലാം ആരംഭിച്ചു. ഇന്ത്യയിലുടനീളം ഞങ്ങള്‍ ആവര്‍ത്തിക്കാന്‍ പോകുന്ന മാതൃകയാണിത്'.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.