എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം നേടി മെസി; വനിതകളില്‍ സ്പാനിഷ് താരം ഐറ്റാന ബോണ്‍ മാറ്റി

എട്ടാം തവണയും ബാലണ്‍ ദ് ഓര്‍ പുരസ്‌കാരം നേടി മെസി; വനിതകളില്‍ സ്പാനിഷ് താരം ഐറ്റാന ബോണ്‍ മാറ്റി

സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബാള്‍ താരത്തിനുള്ള 67-ാമത് ബാലണ്‍ ഡിഓര്‍ പുരസ്‌കാരം അര്‍ജന്റീനയുടെ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസിക്ക്. എട്ടാമതും മെസി സ്വര്‍ണപ്പന്തില്‍ മുത്തമിട്ടപ്പോള്‍ അത് ചരിത്രമാവുകയാണ്. ലോകകപ്പ് നേടിയ സ്പെയ്ന്‍ ടീം അംഗം ബാഴ്സലോണയുടെ ഐതാന ബോന്‍മാതിയാണ് മികച്ച വനിത താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ബാലണ്‍ ഡി ഓറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുരസ്‌കാരം നേടിയ താരമെന്ന സ്വന്തം റെക്കോര്‍ഡ് തന്നെയാണ് മെസി തിരുത്തിക്കുറിച്ചത്. 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് മെസി പുരസ്‌കാരം നേടിയിട്ടുള്ളത്.

പുരസ്‌കാരദാന ചടങ്ങില്‍ തന്റെ എല്ലാമെല്ലാമായ അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണയെ അനുസ്മരിക്കാനും മെസി മറന്നില്ല. ഡീഗോയുടെ ജന്മദിനത്തില്‍ ലഭിച്ച പുരസ്‌കാരത്തില്‍ സന്തോഷം പ്രകടിപ്പിച്ച താരം അദ്ദേഹത്തിന് ജന്മദിനാശംസ നേര്‍ന്നതിനൊപ്പം ഈ പുരസ്‌കാരം നിങ്ങള്‍ക്ക് കൂടിയുള്ളതാണെന്നും ഉറക്കെ വിളിച്ചു പറഞ്ഞു.

'എന്റെ അവസാന പരാമര്‍ശം ഡീഗോയെ കുറിച്ചാണ്. ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന് ജന്മദിനാശംസ നേരാന്‍ ഇതിലും മികച്ച സ്ഥലമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മികച്ച കളിക്കാരുടെയും പരിശീലകരുടെയും ഫുട്ബാളിനെ സ്‌നേഹിക്കുന്നവരുടെയും സാന്നിധ്യമുള്ള ഇവിടെ നിന്ന് അദ്ദേഹത്തെ ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എവിടെയായിരുന്നാലും ഡീഗോ, ജന്മദിനാശംസകള്‍. ഇത് നിങ്ങള്‍ക്ക് കൂടിയുള്ളതാണ്. ഇത് നിങ്ങള്‍ക്കും അര്‍ജന്റീനക്കുമായി സമര്‍പ്പിക്കുന്നു' എന്ന് മെസി പറഞ്ഞു.

തന്റെ കരിയറില്‍ താന്‍ നേടിയതെല്ലാം തനിക്ക് സങ്കല്‍പിക്കാവുന്നതിലും അപ്പുറമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനായി, ചരിത്രത്തിലെ ഏറ്റവും മികച്ച ടീമിനായി കളിക്കാന്‍ ഭാഗ്യം ലഭിച്ചു. ഈ വ്യക്തിഗത ട്രോഫികള്‍ നേടിയതില്‍ സന്തോഷമുണ്ട്. കോപ്പ അമേരിക്കയും പിന്നെ ലോകകപ്പും നേടിയെടുക്കുക എന്നത് അതിശയകരമാണ്. എല്ലാ ബാലണ്‍ ഡി ഓറും വ്യത്യസ്ത കാരണങ്ങളാല്‍ സവിശേഷമാണെന്നും മെസി കൂട്ടിച്ചേര്‍ത്തു.

മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഗോളിനുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി എര്‍ലിങ് ഹാലന്‍ഡ് നേടിയപ്പോള്‍ മെന്‍സ് ക്ലബ് ഓഫ് ദ ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിക്കാണ്. ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനാണ് സോക്രട്ടീസ് അവാര്‍ഡ്.

എഴ് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായ മെസി ഈ വര്‍ഷവും പുരസ്‌കാരം നേടുമെന്ന് ആരാധകര്‍ ഏറെക്കുറേ ഉറപ്പിച്ചിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനക്ക് ഫുട്ബാളിലെ വിശ്വകിരീടം നേടിക്കൊടുത്ത താരം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ ലീഗ് വണ്‍ ചാമ്പ്യന്‍മാരാക്കുകയും ചെയ്തിരുന്നു. ചാമ്പ്യന്‍ലീഗിലും ലീഗ് വണ്ണിലുമായി 40 ഗോളുകളായിരുന്നു മെസി കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്.

ഒരുപക്ഷെ തന്റെ അവസാന ബാലണ്‍ ഡി ഓറുമായാകും സാക്ഷാല്‍ മെസി ഇന്ന് മടങ്ങുന്നത്. ഈ സീസണ്‍ മുതല്‍ യൂറോപ്പ് വിട്ട താരം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് പന്ത് തട്ടുന്നത്. 2007 മുതല്‍ ബാലണ്‍ ഡി ഓര്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറി മാറിയായിരുന്നു സ്വന്തമാക്കിയിരുന്നത്. അതിലൊരു മാറ്റം വന്നത് 2018-ലായിരുന്നു. അന്ന് ലൂക്ക മോഡ്രിച് പുരസ്‌കാരത്തില്‍ ആദ്യമായി മുത്തമിട്ടു. കഴിഞ്ഞ വര്‍ഷം കരീം ബെന്‍സേമയും പുരസ്‌കാരം നേടി.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡായിരുന്നു ഇത്തവണ മെസിയുടെ പ്രധാന എതിരാളി. സിറ്റിയുടെ ഗോളടി യന്ത്രം തന്റെ കന്നി ബാലണ്‍ ഡി ഓര്‍ മെസിയെ മറികടന്ന് നേടുമെന്ന് പ്രവചിച്ചവര്‍ ഒട്ടേറെയുണ്ട്. നേരത്തെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഹാലന്‍ഡ് സ്വന്തമാക്കിയിരുന്നു. കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാ, കെവിന്‍ ഡിബ്രുയ്ന്‍, വിനീഷ്യസ് എന്നിവരും സാധ്യതാപട്ടികയിലുണ്ടായിരുന്നു.

ലോകകപ്പ് കളിക്കാനായില്ലെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട നേട്ടങ്ങളില്‍ ഹാലന്‍ഡ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രീമിയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കീരിടങ്ങള്‍ക്കു പുറമെ ക്ലബ് ഇത്തവണ എഫ്.എ കപ്പും നേടിയിരുന്നു. 36 ഗോളുകളുമായി പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ടും താരം ഇത്തവണ സ്വന്തമാക്കുകയുണ്ടായി. 12 ഗോളുകളുമായി ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോററും ഹാലന്‍ഡായിരുന്നു. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി 52 ഗോളുകളാണ് താരമടിച്ചത്.

മികച്ച 30 താരങ്ങള്‍ ഇവര്‍:

1. ലയണല്‍ മെസ്സി - ഇന്റര്‍ മയാമി (അര്‍ജന്റീന)
2. എര്‍ലിങ് ഹാലാന്‍ഡ് - മാഞ്ചസ്റ്റര്‍ സിറ്റി (നോര്‍വേ)
3. കിലിയന്‍ എംബാപ്പെ - പാരീസ് സെന്റ് ജെര്‍മെയ്ന്‍ (ഫ്രാന്‍സ്)
4. കെവിന്‍ ഡി ബ്രുയിന്‍ - മാഞ്ചസ്റ്റര്‍ സിറ്റി (ബെല്‍ജിയം)
5. റോഡ്രി - മാഞ്ചസ്റ്റര്‍ സിറ്റി (സ്‌പെയിന്‍)
6. വിനീഷ്യസ് ജൂനിയര്‍ - റയല്‍ മാഡ്രിഡ് (ബ്രസീല്‍)
7. ജൂലിയന്‍ അല്‍വാരസ് -മാഞ്ചസ്റ്റര്‍ സിറ്റി (അര്‍ജന്റീന)
8. വിക്ടര്‍ ഒസിമെന്‍ - നാപോളി (നൈജീരിയ)
9. ബെര്‍ണാഡോ സില്‍വ -മാഞ്ചസ്റ്റര്‍ സിറ്റി (പോര്‍ച്ചുഗല്‍)
10. ലൂക്കാ മോഡ്രിച്ച് - റയല്‍ മാഡ്രിഡ് (ക്രൊയേഷ്യ)
11. മുഹമ്മദ് സലാഹ് - ലിവര്‍പൂള്‍ (ഈജിപ്ത്)
12. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി - ബാഴ്‌സലോണ (പോളണ്ട്)
13. യാസീന്‍ ബൗനൂ - അല്‍-ഹിലാല്‍ (മൊറോക്കോ)
14. ഇല്‍കെ ഗുണ്ടോഗന്‍ - ബാഴ്‌സലോണ (ജര്‍മനി)
15. എമിലിയാനോ മാര്‍ട്ടിനെസ് - ആസ്റ്റണ്‍ വില്ല (അര്‍ജന്റീന)
16. കരിം ബെന്‍സെമ - അല്‍-ഇത്തിഹാദ് (ഫ്രാന്‍സ്)
17. ക്വിച ക്വാരട്‌സ്‌ഖേലിയ - നാപോളി (ജോര്‍ജിയ)
18. ജൂഡ് ബെല്ലിംഗ്ഹാം - റയല്‍ മാഡ്രിഡ് (ഇംഗ്ലണ്ട്)
19. ഹാരി കെയ്ന്‍ - ബയേണ്‍ മ്യൂണിക്ക് (ഇംഗ്ലണ്ട്)
20. ലൗടാരോ മാര്‍ട്ടിനെസ് -ഇന്റര്‍ മിലാന്‍ (അര്‍ജന്റീന)
21. അന്റോയിന്‍ ഗ്രീസ്മാന്‍ - അത്‌ലറ്റിക്കോ മാഡ്രിഡ് (ഫ്രാന്‍സ്)
22. കിം മിന്‍-ജെ - ബയേണ്‍ മ്യൂണിക്ക് (ദക്ഷിണ കൊറിയ)
23. ആന്ദ്രേ ഒനാന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (കാമറൂണ്‍)
24. ബുക്കയോ സാക്ക - ആഴ്‌സണല്‍ (ഇംഗ്ലണ്ട്)
25. ജോസ്‌കോ ഗ്വാര്‍ഡിയോള്‍ - മാഞ്ചസ്റ്റര്‍ സിറ്റി (ക്രൊയേഷ്യ)
26. ജമാല്‍ മുസിയാല - ബയേണ്‍ മ്യൂണിക്ക് (ജര്‍മനി)
27. നിക്കോളോ ബരെല്ല - ഇന്റര്‍ മിലാന്‍ (ഇറ്റലി)
28. മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് - ആഴ്‌സണല്‍ (നോര്‍വേ)
29. റാന്‍ഡല്‍ കോലോ മുവാനി - പാരീസ് സെന്റ് ജെര്‍മെയ്ന്‍ (ഫ്രാന്‍സ്)
30. റൂബന്‍ ഡയസ് - മാഞ്ചസ്റ്റര്‍ സിറ്റി (പോര്‍ച്ചുഗല്‍)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.