ഡൊമിനിക്ക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും

 ഡൊമിനിക്ക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും

കൊച്ചി: കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടും. കസ്റ്റഡിയില്‍ ലഭിച്ച ശേഷം സംഭവം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ഇന്നലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡൊമിനിക് മാര്‍ട്ടിന്‍ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടതായാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു. കൊച്ചി ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘം അന്വേഷണത്തിനായുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കിയാണ് മുന്നോട്ട് പോകുന്നത്.

ഇന്നലെ രാത്രിയും അന്വേഷണ പുരോഗതി വിലയിരുത്തി. സ്‌ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും ഫൊറന്‍സിക് സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചെങ്കിലും മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെയും യുഎപിഎ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഞായറാഴ്ച രാവിലെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനില്‍ സ്‌ഫോടനം നടത്തുകയും മൂന്ന് പേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി സ്വമേധയാ കൊടകര സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.